തിരുവനന്തപുരം: തിരുവല്ലത്ത് മീൻ കയറ്റിവന്ന ലോറി ബൈക്കിലിടിച്ച് ബൈക്കിന് തീപിടിച്ച് യുവാവ് മരിച്ചു. 200 മീറ്ററോളം ദൂരം യുവാവിനെ ലോറി വലിച്ചിഴച്ച് കൊണ്ട് പോയി. വിഴിഞ്ഞം ടൗണ്‍ഷിപ്പ് കോളനിയിൽ താമസിക്കുന്ന ഫാരിസ് ഖാൻ (25) ആണ് മരിച്ചത്.
ഇന്നലെ രാത്രി പന്ത്രണ്ടോടെ തിരുവല്ലത്തായിരുന്നു അപകടം. വിഴിഞ്ഞം ഭാഗത്തുനിന്നു തിരുവല്ലം ഭാഗത്തേക്ക് വരികയായിരുന്ന ഫാരിസ് സഞ്ചരിച്ച ബൈക്കിൽ എതിർദിശയിൽ നിന്നെത്തിയ മീൻ കയറ്റിവന്ന ലോറി ഇടിയ്ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ബൈക്ക് ലോറിയിൽ കുടുങ്ങി 200 മീറ്ററോളം ദൂരം യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച് കൊണ്ട ് പോയി. ഇതേ തുടർന്ന് ബൈക്കിന് തീ പിടിയ്ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ ഫാരിസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. തിരുവല്ലം പ്രദേശത്ത് വാഹനാപകടങ്ങൾ വർധിക്കുന്നതായി നാട്ടുകാർ ആരോപിച്ചു.
റോഡ് നിർമാണത്തിലെ അപാകതകളാണ് അപകടങ്ങൾ വർധിക്കാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. തിരുവല്ലം പോലീസ് മേൽനടപടി സ്വീകരിച്ചു.
ഫാരിസിന്റെ മൃതദേഹം മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.