പരിയാരം: ദേശീയപാതയിൽ പരിയാരം അലക്യംപാലത്തില് ബൈക്കും പിക്കപ് ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ സഹോദരങ്ങള്‍ മരിച്ചു.
പാച്ചേനി വീരന്മുക്കിലെ അക്കരമ്മല്‍ ലക്ഷ്മണന്-ഭാനുമതി ദന്പതികളുടെ മക്കളായ ലോപേഷ് (34), സ്നേഹ (24) എന്നിവരാണു മരിച്ചത്.
ഇന്നലെ രാവിലെ ഏഴിനു പരിയാരം ഗവ. ആയുര്‍വേദ ആശുപത്രിക്കു സമീപത്തായിരുന്നു അപകടം.പയ്യന്നൂര്‍ ഭാഗത്തേക്കു പോകുകയായിരുന്ന വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്.
പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലേക്കു പോകുകയായിരുന്നു സ്നേഹയും ലോപേഷും. രണ്ടുദിവസമായി തോരാതെ പെയ്ത മഴയില്‍ പരിയാരം അലക്യംപാലത്തിനു സമീപത്ത് വെള്ളക്കെട്ടുണ്ടായിരുന്നു.
വെള്ളക്കെട്ടില്‍ വീഴാതിരിക്കാന്‍ ബൈക്ക് വെട്ടിക്കുന്നതിനിടെ തെന്നിവീഴുകയും പിന്നാലെ വന്ന പിക്കപ് ലോറി ഇവരെ ഇടിക്കാതിരിക്കാന്‍ ശ്രമിച്ചപ്പോള്‍ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിക്കുകയുമായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ സ്നേഹ പിക്കപ് ലോറിക്കടിയിലേക്കു വീഴുകയായിരുന്നു. നാട്ടുകാരും പോലീസും അഗ്നിരക്ഷാസേനയും ചേർന്നാണു വാഹനത്തിന്റെ അടിയില്‍നിന്നു സ്നേഹയെ പുറത്തെടുത്തത്. അപ്പോഴേക്കും മരിച്ചിരുന്നു.
ലോപേഷിനെ ഉടന്‍തന്നെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കാർപെന്ററി ജോലി ചെയ്തുവരികയായിരുന്നു ലോപേഷ്.
ഇരുവരും അവിവാഹിതരാണ്. സഹോദരി ലോപ. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം പാച്ചേനി പൊതുശ്മശാനത്തില്‍ സംസ്കരിച്ചു.