പട്ടിക്കാട്: ആറുവരി പാതയിൽ പൈപ്പിട്ടതിനുശേഷം മൂടാതെ കിടക്കുന്ന വൻ കുഴിയിലേക്ക് ബിഎംഡബ്ല്യൂ ബൈക്ക് വീണ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഇന്നു രാവിലെ ഒന്പതിന് മുടിക്കോട് അന്പലത്തിനുമുന്പിലുള്ള റോഡിലെ കുഴിയിലാണ് അപകടം. തൃശൂർ വടക്കാഞ്ചേരി സ്വദേശി അലക്സിനാണ്(29)പരിക്കേറ്റത്.
ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും ഒപ്പം മറ്റു ബൈക്കുകളിലുണ്ടായിരുന്ന കൂട്ടുകാരും ചേർന്നാണ് യുവാവിനെ കുഴിയിൽ നിന്ന കയറ്റി ജൂബിലി മിഷൻ ആശുപത്രിയിലെത്തിച്ചത്. മൂന്നു ബൈക്കുകളിലായി പാന്പാടി നെഹ്റു കോളജിൽ നടക്കുന്ന മോട്ടോ എക്സ്പോയിൽ പങ്കെടുക്കാൻ പോകുകയായിരുന്നു മൂന്നംഗ സംഘം.
മൂന്നു ബൈക്കുകളിലായാണ് ഇവർ പോയിരുന്നത്. മൂന്നു ബൈക്കുകളുടെയും നടുവിലാണ് അലക്സ് സഞ്ചരിച്ചിരുന്നത്. വേഗത അധികമുണ്ടായിരുന്നില്ല. ലോറിയുടെ പിന്നിലായതിനാൽ കുഴി കാണാനായില്ല. ലോറി തിരിച്ചപ്പോൾ ബൈക്ക് നേരെ എടുക്കുകയായിരുന്നു. അപ്പോഴാണ് നേരെ കുഴിയിലേക്ക് വീണത്.
റോഡിന്റെ അടിയിലൂടെ പൈപ്പിട്ടതിനുശേഷം മൂടാതെ കിടക്കുന്ന കുഴിയിലേക്കാണ് ബൈക്ക് വീണത്. കുഴിയുടെ ചുറ്റും ഭാഗികമായാണ് അടച്ചു കെട്ടിയിരിക്കുന്നത്. ദേശീയപാതയിലൂടെ വരുന്നവർക്ക് ഈ കുഴി പലപ്പോഴും കാണാറില്ല. നിരവധി പേർ ഭാഗ്യം കൊണ്ടാണ് ഇവിടെ അപകടത്തിൽ പെടാതെ രക്ഷപെടുന്നത്. റിഗ്ഗിലാണ് അലക്സ് ജോലി ചെയ്യുന്നത്. നെഹ്റു കോളജിൽ മോട്ടോ എക്സ്പോയുണ്ടെന്നറിഞ്ഞപ്പോൾ കൂട്ടുകാർ ചേർന്ന് അവിടേക്ക് പോകുകയായിരുന്നു.