കുമരകം: ജോലികഴിഞ്ഞു വീട്ടിലേക്കു മടങ്ങുന്നതിനിടെ ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞ് റോഡരുകിൽ ബോധരഹിതനായി കിടന്ന പോലീസുകാരന് രക്ഷകരായത് രണ്ട് യുവാക്കൾ. ഞായറാഴ്ച രാത്രി ഒന്പതിനാണ് സംഭവം.
കോട്ടയം-കൈപ്പുഴമുട്ട് റൂട്ടിൽ പുത്തൻ റോഡ് ജംഗ്ഷനിലാണ് ഗാഡിനഗർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ശശികുമാർ സഞ്ചരിച്ചിരുന്ന ബൈക്ക് മറിഞ്ഞ് അപകടമുണ്ടായത്.
ഞായറാഴ്ചയും സന്പൂർണ ലോക് ഡൗണുമായതിനാൽ റോഡിൽ ആരും ഉണ്ടായിരുന്നില്ല. ഈസമയം കാറിൽ ഇതുവഴി വന്ന കുമരകം സ്വദേശികളായ അജയഘോഷും നിഷാന്തും ചേർന്ന് ബോധരഹിതനായി കിടന്ന പോലീസുകാരനെ കാറിൽ കയറ്റി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.
പോകുന്നതിനിടയിൽ കുമരകം സ്റ്റേഷനിൽ വിവരമറിയിച്ചതോടെ ചന്തക്കവലയിൽ എഎസ്ഐ സന്തോഷും സഹായത്തിനെത്തി. മെഡിക്കൽ കോളജിലെത്തിച്ചശേഷം ശശികുമാറിന്റെ സഹപ്രവർത്തകർ എത്തുന്നതുവരെ സഹായങ്ങൾ ചെയ്തു കൊടുത്തതിനുശേഷമാണ് അജയഘോഷും നിഷാന്തും മടങ്ങിയത്.
കുമരകം എസ്എൻ കോളജ് ജീവനക്കാരനാണ് അജയലോഷ്. നിഷാന്ത് കാർ കന്പനി എക്സിക്യൂട്ടിവും. തലയ്ക്കു പരിക്കേറ്റ ശശികുമാർ സുഖംപ്രാപിച്ചു വരുന്നു.