തുറവൂർ: അമിത വേഗത്തിലെത്തിയ ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് രണ്ടു യുവാക്കൾക്ക് ഗുരുതര പരിക്ക്. എഴുപുന്ന പഞ്ചായത്തിൽ കോങ്കേരിയിൽ ജോർജിന്റെ മകൻ ബിനു(22), വട്ടത്തറ വീട്ടിൽ പീറ്ററിന്റെ മകൻ ഷെറിൻ (24) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ രാത്രി പത്തോടെ പള്ളിത്തോട് ചാവടി റോഡിൽ പള്ളിക്കച്ചിറ ശ്മശാനത്തിനു മുന്നിലെ വളവിലായിരുന്നു അപകടം. നാട്ടുകാർ ഇരുവരേയും തുറവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നൽകിയ ശേഷം വണ്ടാനം മെഡിക്കൽ കോളജ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
പള്ളിത്തോട്ടിലെ ഇവരുടെ സുഹൃത്തുക്കളുടെ വീട്ടിൽ വന്ന ശേഷം തിരികെപ്പോകുന്പോഴായിരുന്നു അപകടം. ബൈക്കിടിച്ച് 11 കെവി ലൈൻ ഇലക്ട്രിക്ക് പോസ്റ്റ് ഒടിഞ്ഞു വീണു. ഇതേ തുടർന്ന് അര മണിക്കൂറോളം വൈദ്യുതി ബന്ധം തടസപ്പെട്ടു. കുത്തിയതോട് പോലീസ് കേസെടുത്തു.