പൂക്കോട്ടുംപാടം: പ്രായപൂർത്തിയാകാത്ത കുട്ടിക്ക് ഇരുചക്ര വാഹനമോടിക്കാൻ നൽകിയ രക്ഷിതാവിനെതിരേ എടക്കര പോലീസ് കേസെടുത്തു. എടക്കര സ്വദേശിയായ ബാപ്പുട്ടിക്കെതിരേയാണ് കേസ്. നിരവധി തവണ ക്ലാസുകളിലൂടെയും ബോധവത്കരണ പ്രവർത്തങ്ങളിലൂടെയും മുന്നറിയിപ്പ് നൽകിയിട്ടും നിയമം അനുസരിക്കാത്തതിനാലാണ് കേസെടുത്തത്.
15 വയസു മാത്രം ആയ തന്റെ മകന് വാഹനം ഓടിക്കാൻ നല്കിയതിനാണ് പോലീസ് കേസെടുത്തത്. നിലന്പൂർ മേഖലയിൽ പ്രായ പൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിക്കുന്നതും അപകടത്തിൽ പെടുന്നതും പതിവായതോടെ പോലീസ് പരിശോധന കർശനമാക്കിയിരുന്നു. ഇതേതുടർന്നു നിരവധി ഇരുചക്ര വാഹനങ്ങളാണ് നിലന്പൂർ മേഖലയിലെ പോലീസ് സ്റ്റേഷനുകളിൽ പിടികൂടിയത്.
രക്ഷിതാക്കൾക്കെതിരേ കേസെടുക്കുമെന്നു പോലീസ് താക്കീതു നൽകിയിരുന്നെങ്കിലും പലരും നിയമം പാലിക്കാൻ തയാറായിരുന്നില്ല. ഇതേതുടർന്നാണ് പോലീസ് നടപടി കർശനമാക്കിയത്. എടക്കര എസ്ഐ സുനിൽ പുളിക്കലാണ് രക്ഷിതാവിനെതിരേ കേസെടുത്തത്.
മലപ്പുറം ജില്ലയിൽ തന്നെ ഇത്തരമൊരു നടപടി ആദ്യമായാണ്. വാഹനം കോടതിയിൽ ഹാജരാക്കും. മൂന്നു വർഷം വരെ തടവ് ലഭിക്കാവുന്ന ശിക്ഷയാണ് പ്രായപൂർത്തിയാകാത്ത, ലൈസൻസില്ലാത്ത കുട്ടികൾക്ക് വാഹനമോടിക്കാൻ കൊടുക്കുന്നവർക്ക് കേരളാ പോലീസ് ആക്ട് പ്രകാരം പറയുന്നത്.