കാട്ടാക്കട : കടയ്ക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് കത്തി നശിച്ചു. പൂവച്ചൽ പഞ്ചായത്തിലെ കാപ്പിക്കാട്ടാണ് ഇന്നലെ രാത്രി സംഭവം നടന്നത്. കാപ്പിക്കാട് കുരിശ്ശടി ജംഗഷനിൽ താമസിക്കുന്ന പ്രിജിന്റെ ഹോണ്ട ബൈക്കാണ് പൂർണ്ണമായും കത്തിനശിച്ചത്.
പ്രിജിന്റെ വീട്ടിലേക്ക് ബൈക്ക് പോകാറില്ല. അതിനാൽ ക്രിസ്റ്റഫർ എന്നയാളുടെ കടയ്ക്ക് മുന്നിൽ പാർക്ക് ചെയ്തിട്ടാണ് പോകുന്നത്. കഴിഞ്ഞ ദിവസവും പാർക്ക് ചെയ്തിട്ട് പോയ ബൈക്കാണ് കത്തിയത്. ബൈക്ക് കത്തുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് അണച്ചത്.
അപ്പോഴേയ്ക്കും ബൈക്ക് കത്തിയമർന്നിരുന്നു. ശനിയാഴ്ച രാത്രി പ്രിജിന്റെ ഫോണിൽ തന്റെ ബൈക്ക് കത്തിക്കുമെന്ന് ഒരു സന്ദേശം എത്തിയിരുന്നു. ക്രിസ്റ്റഫറിന്റെ കടയുടെ ഒരു ഭാഗവും കത്തി നശിച്ചു. കടയുടെ പിറകുവശത്ത് വിറക് അടുക്കി വച്ചിരുന്നു.
തീ പടർന്നിരുന്നുവെങ്കിൽ വിറകിൽ തീപിടിച്ച് കടമൊത്തം കത്തിയമരുമായിരുന്നു. തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. കഞ്ചാവ് ലോബിയാണ് ഈ സംഭവത്തിന് പിന്നിലെന്ന് പ്രിജിൻ പറയുന്നു. തീ കത്തിക്കാൻ വന്ന വ്യക്തിയുടെ ദൃശ്യം സിസിടിവികാമറയിൽ പതിഞ്ഞിട്ടുണ്ട്.
കാപ്പിക്കാടിനു സമീപം ആളൊഴിഞ്ഞ കോണിൽ മദ്യപിച്ചിരുന്ന സംഘത്തെ പോലീസ് ഓടിച്ചുവിട്ടിരുന്നു. അവരിൽപ്പെട്ടവരാണ് ഇതിനു പിറകിലെന്ന് പോലീസ് കരുതുന്നു. കാട്ടാക്കട പോലീസ് കേസ്സെടുത്തു.കാപ്പിക്കാട്ടിൽ കഞ്ചാവ് സംഘങ്ങൾ സജീവമാണെന്ന് നാട്ടുകാർ പരാതിപ്പെട്ടിട്ടുള്ളതാണ്. ക
ഴിഞ്ഞ രണ്ടു ദിവസം മുൻപാണ് മദ്യ-കഞ്ചാവ് ലഹരിയിൽ വന്ന സംഘത്തിന്റെ ജീപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് രണ്ടുപേരെ ഇടിച്ചിടുകയും ഒരു മരത്തിൽ ഇടിച്ചുനിൽക്കുകയും ചെയ്തത്.