ചാവക്കാട്: തിരുവത്രയിൽ ബൈക്കുകൾക്ക് തീവച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. തിരുവത്ര ദീനദയാൽ നഗർ വാലിപറന്പിൽ സുമേഷിനെ(32)യാണ് അറസ്റ്റുചെയ്തത്. തിരുവത്ര കുമാർ എയുപി സ്കൂളിനു സമീപം കാഞ്ഞിരപ്പറന്പിൽ ജയപ്രകാശന്റെ ഉടമയിലുള്ള ബൈക്കുകൾ ഇന്നലെ പുലർച്ചെയാണ് കത്തിച്ചത്.
തീ ആളിപ്പടർന്ന് ജനൽചില്ലുകൾ പൊട്ടിത്തെറിക്കുകയും തൊട്ടടുത്ത മുറയിലെ കട്ടിൽ ഭാഗികമായി കത്തുകയും ചെയ്തു. ജയപ്രകാശന്റെ മകൻ മുറിയിൽ ഉറങ്ങിയിരുന്ന അശ്വിൻ തീ ആളിപ്പടരുന്നത് കണ്ട് പുറത്തേക്ക് ഓടി. ബഹളം കേട്ടെത്തിയ അയൽവാസികളും മറ്റും ചേർന്നാണ് തീ അണച്ചത്.
ബൈക്കുകൾക്ക് തീവച്ചതാണെന്ന പരാതിയെ തുടർന്ന് കുന്നംകുളം എസിപി ടി.എസ്. സിനോജിന്റെ നേതൃത്വത്തിൽ എസ്ഐമാരായ യു.കെ.ഷാജഹാൻ, പി.എം.കശ്യപൻ എന്നിവർ അന്വേഷണം നടത്തിയാണ് പ്രതിയെ അറസ്റ്റുചെയ്തത്.
അശ്വിനും സുഹൃത്തും കഴിഞ്ഞദിവസം സംഘർഷമുണ്ടായി. ഈ വഴിക്ക് അന്വേഷണം നടക്കുന്നതിനിടയിൽ സ്ഥലത്തെത്തിയ പോലീസ് നായ ഹണി അറസ്റ്റിലായ യുവാവിന്റെ വീടുവരെ ഓടിയതും വിരലടയാളം ലഭിച്ചതും പ്രതിയെ പിടിക്കാൻ വേഗത്തിലാക്കി.
വ്യക്തിവൈരാഗ്യമാണ് ബൈക്കുകൾ കത്തിക്കാൻ കാരണമായതെന്ന് പ്രതി പോലീസിനോടു പറഞ്ഞു.സീനിയർ സിപിഒ എം.എ.ജിജി, അബ്ദുൽ സലാം, സിപിഒ എസ്.ശരത്, ആഷിഷ് ജോസഫ്, ഷൈജു എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.