ചിറ്റാരിക്കാല്‍(കാസർഗോഡ്): റോഡരികില്‍ നിർത്തിയിട്ട ബൈക്ക് കത്തിനശിച്ച സംഭവത്തില്‍ 17കാരനായ പ്ലസ്ടു വിദ്യാർഥി അറസ്റ്റിൽ. ചിറ്റാരിക്കാല്‍ അതിരുമാവിലെ വിദ്യാർഥിയെയാണ് ചിറ്റാരിക്കാല്‍ എസ്ഐ കെ.പി. വിനോദ്കുമാറും സംഘവും ചേർന്നു പിടികൂടിയത്.
കുറ്റിക്കാട്ടില്‍ കണ്ടെത്തിയ കന്നാസും പൈപ്പും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് 17കാരന് പിടിയിലായത്. പെയിന്റിംഗ് തൊഴിലാളിയായ അതിരുമാവ് ചെമ്പകത്തില്‍ തോമസിന്റെ മകന് രാജേഷിന്റെ റോഡരികില്‍ നിർത്തിയിട്ടിരുന്ന ബൈക്കാണ് മൂന്നുദിവസം മുമ്പ് പൂർണമായും കത്തിനശിച്ചത്.
വീട്ടിലേക്ക് റോഡില്ലാത്തതിനാല്‍ ബൈക്ക് റോഡരികില്‍ നിർത്തിയിടുകയായിരുന്നു പതിവ്. പിടിയിലായ വിദ്യാർഥിയുടെ സഹോദരങ്ങള്‍ അന്യദേശത്താണു പഠിക്കുന്നത്. ഇവരെ കാണാന്‍ അച്ഛൻ പോയ സമയത്തായിരുന്നു സംഭവം. അച്ഛന്റെ ബൈക്കുമായി പെട്രോള്‍ തീരുന്നതുവരെ ചുറ്റിക്കറങ്ങിയ വിദ്യാർഥി ഇത് അറിയാതിരിക്കാനായി ബന്ധുവിന്റെ ഓട്ടോയിൽനിന്ന് പൈപ്പും കന്നാസുമെടുത്ത് പെട്രോള്‍ തേടിയിറങ്ങുകയായിരുന്നു.
റോഡരികില്‍ നിർത്തിയിട്ട രാജേഷിന്റെ ബൈക്കിൽനിന്ന് പെട്രോള്‍ എടുക്കാൻ ആരംഭിച്ച വിദ്യാർഥി കന്നാസിലേക്ക് പെട്രോള്‍ വീഴുന്നുണ്ടോയെന്ന് നോക്കാനായി ലൈറ്റര്‍ തെളിയിക്കുകയായിരുന്നു. ഇതോടെ ബൈക്കിലേക്ക് തീപടരുകയും ബൈക്ക് പൂർണമായും കത്തുകയും ചെയ്തു.
തീ കത്തുന്നതിനിടെ വിദ്യാർഥി ഒഴിഞ്ഞുമാറിയതിനാല്‍ ജീവാപായം സംഭവിച്ചില്ല. ഓടിരക്ഷപ്പെട്ട വിദ്യാർഥി കന്നാസും പൈപ്പും കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചാണ് വീട്ടിലേക്കു മടങ്ങിയത്. പോലീസിന്റെ തന്ത്രപരമായ നീക്കത്തിനൊടുവിലാണ് അന്വേഷണം 17 കാരനിലേക്കെത്തിയത്. കേസ് ജുവനൈല്‍ ജസ്റ്റിസ് ബോർഡിന് കൈമാറി.