പയ്യന്നൂര്‍(കണ്ണൂർ): രാമന്തളിയിൽ മുസ്ലിംലീഗ് നേതാവിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് കത്തിച്ചു.മുസ്ലിംലീഗ് ജില്ലാ കമ്മിറ്റിയംഗവും മണ്ഡലം വൈസ് പ്രസിഡന്റും ചന്ദ്രിക ദിനപത്രത്തിന്റെ ലേഖകനുമായ രാമന്തളി വടക്കുമ്പാട് ഹാജിറോഡിലെ കെ.കെ.അഷ്റഫിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കാണ് കത്തിച്ചത്.
ഇന്നു പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. ജനലിലൂടെ വീടിന് പുറത്ത് നിന്നുയരുന്ന തീയും പുകയും കണ്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. ഉടന്‍ വെള്ളമൊഴിച്ച് തീയണച്ചെങ്കിലും അപ്പോഴേക്കും ബൈക്ക് പൂര്‍ണമായും കത്തി നശിച്ചിരുന്നു. തീയുടെ ചൂടേറ്റ് വീടിന്റെ രണ്ട് ജനലുകളും നശിച്ചിട്ടുണ്ട്.
ബൈക്കിന് തീവെച്ചവര്‍ ഓടി മറഞ്ഞിരുന്നതിനാല്‍ ആരെയും തിരിച്ചറിയാന്‍ കഴിഞ്ഞില്ല. വിവരമറിഞ്ഞ് പയ്യന്നൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.അഷ്റഫിന്റെ മകന് മുഹമ്മദ് സെലീല്‍ ഉപയോഗിച്ചിരുന്ന കെഎല്‍ 59 എഫ് 4412 യൂണിക്കോണ്‍ ബൈക്കാണ് അഗ്നിക്കിരയായത്. കാഞ്ഞങ്ങാട് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ എംഎസ് സി കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയാണ് മുഹമ്മദ് സെലീല്‍.