സ്വന്തം ലേഖകൻ
കൊടകര: പുസ്തകത്താളുകളിൽ വായിച്ചു പഠിച്ച ഇന്ത്യയല്ല യഥാർത്ഥ ഇന്ത്യയെന്നറിയുന്നതുകൊണ്ട് ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ ആത്മാവ് തൊട്ടറിയാൻ കൊടകരയിൽ നിന്ന് നാൽവർ സംഘം ബൈക്കിൽ ഇന്ത്യ കാണാൻ യാത്ര തിരിച്ചു.
ഇന്ത്യയുടെ അയൽരാജ്യങ്ങളായ നേപ്പാളും ഭൂട്ടാനും കണ്ടശേഷമേ ഇവർ മടങ്ങുകയുള്ളു. ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യവും ചരിത്രവും നേരിൽ കണ്ടറിയുകയാണ് ഇവരുടെ ലക്ഷ്യം.
കൊടകര മരത്തോന്പിള്ളി മണപ്പെട്ടി വീട്ടിൽ ജ്യോതിസ് ബാബുവിന്റെ മകൻ കൃപേഷ് , കോടാലി കരുവാൻ വീട്ടിൽ മനോഹരന്റെ മകൻ പ്രവീണ്, മണ്ണുത്തി വളപ്പിൽ ബെന്നിയുടെ മകൻ ബെൽവിൻ, കോടാലി തേമാലി ഗ്രാമം തേവർക്കാട്ടിൽ ഷഹീറിന്റെ മകൻ മുഹമ്മദ് ഫസൽ എന്നിവരാണ് ബൈക്കിൽ നാടുകാണാൻ പുറപ്പെട്ടിരിക്കുന്നത്. നാലുപേരും അളഗപ്പനഗർ ത്യാഗരാജ പോളിടെക്നിക്കിൽ ഒരുമിച്ചു പഠിച്ചവരാണ്.
ഒരു വർഷം മുന്പാണ് ഇത്തരമൊരു മഹായാത്രയുടെ ഐഡിയ ഇവർക്കുണ്ടായത്. ഇന്ത്യ മുഴുവൻ ബൈക്കിൽ ചുറ്റി സഞ്ചരിക്കുകയെന്ന ഇവരുടെ ആഗ്രഹത്തിന് വീട്ടുകാരുടെ പ്രോത്സാഹനവും പിന്തുണയും ലഭിച്ചതോടെ യാത്രക്കുള്ള ഒരുക്കങ്ങൾ മാസങ്ങൾക്കു മുന്പേ ഇവർ തുടങ്ങി.
യാത്രാ ചിലവിനുള്ള പണം വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ സ്വന്തം അധ്വാനത്തിലൂടെ കണ്ടെത്തണമെന്ന് ഇവർ തീരുമാനിച്ചു. ഇതിനായി വിവിധ ജോലികൾ ചെയ്ത് ഇവർ രണ്ടുലക്ഷം രൂപയോളം സമാഹരിച്ചു. രണ്ടു ബൈക്കുകളിലായാണ് ഇവരുടെ യാത്ര.
വസ്ത്രങ്ങളും വെള്ളം കൊണ്ടുപോകുന്നതിനുള്ള കാനുകളും മറ്റും അടങ്ങിയ ബാഗുകൾ സൂക്ഷിക്കാനായി ബൈക്കിൽ പ്രത്യേക സജ്ജീകരണങ്ങളൊരുക്കിയിട്ടുണ്ട്. ഇന്നു രാവിലെ 9ന് കൊടകര ഗാന്ധിനഗറിൽ നിന്നാണ് നാൽവർ സംഘം യാത്ര ആരംഭിച്ചത്. ബാംഗ്ലൂരാണ് ആദ്യ ലക്ഷ്യം. തുടർന്ന് മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, ദില്ലി, മണാലി എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ലഢാക്കിലെത്തും.
ദില്ലിയിൽ തിരിച്ചെത്തിയ ശേഷം നേപ്പാൾ, ഭൂട്ടാൻ രാജ്യങ്ങളിൽ പര്യടനം നടത്തും. മടങ്ങിവരും വഴി വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ചുറ്റി സഞ്ചരിക്കും. പിന്നീട് കൊൽക്കൊത്ത വഴി ഓഗസ്റ്റ് ആദ്യം നാട്ടിൽ തിരിച്ചെത്തുന്ന വിധത്തിലാണ് ഇവർ യാത്ര ആസൂത്രണം ചെയ്തിട്ടുള്ളത്. രണ്ടു മാസം നീളുന്ന സഞ്ചാരത്തിനിടെ 17 സംസ്ഥാനങ്ങളും രണ്ട് അയൽ രാജ്യങ്ങളും ഇവർ സന്ദർശിക്കും.