കോട്ടയം: ബൈക്കിൽ ബോംബ്. അതല്ല മോഷ്ടിച്ചതാ. ആകാംക്ഷയും ജിജ്ഞാസയും പരിഭ്രാന്തിയും കലർന്ന അന്തരീക്ഷത്തിൽ ചാമംപതാൽ പ്രദേശം കലങ്ങിമറിഞ്ഞു. പത്ത് ദിവസമായി വഴിയരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിനെക്കുറിച്ചുള്ള നാട്ടുകാരുടെ പ്രചാരണങ്ങൾ ഇങ്ങനെ നീണ്ടു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ബോംബ് ആണെന്നു വിശ്വസിക്കുന്നവരായിരുന്നു ഏറെ. എന്നാൽ പത്തു ദിവസമായിട്ടും ബോംബ് പൊട്ടിയില്ലല്ലോ എന്നായിരുന്നു മറ്റു ചിലരുടെ പ്രതികരണം. പത്തുദിവസം കഴിഞ്ഞതോടെ ബൈക്കിനെ ചുറ്റിപ്പറ്റി നിരവധി കഥകൾ പ്രചരിക്കുന്നതിനിടെ ആരോ ജില്ലാ പോലീസ് ചീഫിനെ വിവരം അറിയിച്ചു.
പോലീസ് മണിമല എസ്ഐയോട് അന്വേഷിക്കാൻ നിർദേശം നല്കി. ബൈക്കിന്റെ നന്പർ വച്ച് നടത്തിയ അന്വേഷണത്തിൽ പൊൻകുന്നം സ്വദേശിയുടെ ബൈക്കാണെന്ന് വ്യക്തമായി. പിന്നീട് അന്വേഷണം പൊൻകുന്നം പോലീസിന് കൈമാറി. പോലീസ് ബൈക്കുടമയുടെ മേൽവിലാസം തേടി അലഞ്ഞു.
ഒടുവിൽ ആളെ കണ്ടെത്തി. ബൈക്ക് വഴിയിലിരിക്കുകയാണെന്ന് പറഞ്ഞപ്പോൾ ഉടമയ്ക്ക് ആദ്യം പരിഭ്രാന്തിയായി. സഹോദരൻ ബൈക്കുമായി പോകുന്പോൾ കേടായെന്നും ഒരു സുഹൃത്തിന്റെ വീട്ടിൽ കയറ്റി വച്ചെന്നുമാണ് ജ്യേഷ്ഠനോട് പറഞ്ഞിരുന്നത്. എന്തായാലും ബൈക്കിന്റെ യഥാർഥ ഉടമയെ കണ്ടെത്തിയതോടെ നാട്ടുകാരുടെ കഥകളെല്ലാം പൊളിഞ്ഞു.ു