ചങ്ങരംകുളം: രേഖകളില്ലാത്ത ബൈക്കുകളുമായി റോഡുകൾ കൈയടക്കിയ ഇതരസംസ്ഥാന തൊഴിലാളികൾക്കെതിരെ പോലീസ് നടപടി തുടങ്ങി. കഴിഞ്ഞ ദിവസം ചങ്ങരംകുളം പോലീസ് നടത്തിയ പരിശോധനയിൽ രേഖകളില്ലാത്ത നിരവധി ബൈക്കുകളാണ് പിടികൂടിയത്.
പ്രദേശത്ത് ഇതര സംസ്ഥാന തൊഴിലാളികൾ ഉപയോഗിക്കുന്ന ബൈക്കുകൾ രേഖകൾ ഒന്നും തന്നെ ഇല്ലാത്തതാണെന്നും ബൈക്ക് ഉപയോഗിക്കുന്നവർക്കു ലൈസൻസില്ലെന്നും വ്യാപകമായ പരാതികളെ തുടർന്നാണ് ചങ്ങരംകുളം പോലീസ് പരിശോധന കർശനമാക്കിയത്. സംസ്ഥാനത്ത് ദിനം പ്രതി ജോലി തേടിയെത്തുന്നത് നൂറുക്കണക്കിന് തൊഴിലാളികളാണ്. ഇവർക്ക് ഏജന്റുമാരായി പ്രവർത്തിക്കുന്ന ചില മലയാളികൾ തന്നെയാണ് രേഖകൾ ഒന്നുമില്ലാത്ത ബൈക്കുകൾ കുറഞ്ഞ വിലയിൽ സംഘടിപ്പിച്ച് നൽകുന്നതും.
ഏതെങ്കിലും രീതിയിൽ അപകടങ്ങൾ സംഭവിച്ചാൽ ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതിനോ മറ്റു നിയമ സഹായങ്ങൾക്കോ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഏതാനും മാസം മുന്പ് എടപ്പാളിൽ രേഖകളും ലൈസൻസുമില്ലാതെ ബൈക്കുമായി വന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ ബൈക്ക് തട്ടി റോഡ് മുറിച്ച് കടക്കാൻ ശ്രമിച്ച എടപ്പാൾ സ്വദേശി മരണപ്പെട്ടിരുന്നു.
ഇതര സംസ്ഥാന തൊഴിലാളികൾ പലരും സ്വന്തമായി ബൈക്കുകൾ ഓടിക്കുന്നവരാണെങ്കിലും പലരും ലൈസൻസില്ലാതെയാണ് വാഹനങ്ങൾ ഓടിക്കുന്നത്. മലപ്പുറം ജില്ലയിൽ കളവ് പോയ ബൈക്കുകൾ പലതും ഇത്തരക്കാർക്ക് കുറഞ്ഞ വിറ്റഴിക്കുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നതായും പോലീസ് സംശയിക്കുന്നുണ്ട്.
ബൈക്കിലെത്തി കവർച്ചയും മറ്റു അക്രമ സംഭവങ്ങളും നടത്തി വരുന്നവർ ഉപയോഗിക്കുന്നത് ഇത്തരത്തിൽ രേഖകൾ ഇല്ലാത്ത ബൈക്കുകളാണ്. ഇവരിലും ഇതര സംസ്ഥാന തൊഴിലാളികളായി സംസ്ഥാനത്ത് എത്തുന്നവരും ചേർന്നു പ്രവർത്തിക്കുന്നതായും പോലീസിന് സംശയമുണ്ട്. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കാനാണ് പോലീസ് തീരുമാനം.