കോട്ടയം: ഈരയിൽക്കടവ് ബൈപാസ് റോഡിൽ ബൈക്ക് അഭ്യാസം നടത്തിയവർ മോട്ടോർ വാഹന വകുപ്പിന്റെ വണ്ടി കണ്ടു രക്ഷപ്പെട്ടു. സിസിടിവി ദൃശ്യങ്ങളിൽ ബൈക്കിന്റെ നന്പർ കണ്ടെത്തി യുവാക്കളെ വീട്ടിലെത്തി പിടികൂടി. നാട്ടുകാരുടെ പരാതിയെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് സംഘം നിരീക്ഷിക്കാൻ എത്തിയപ്പോഴാണ് ഏതാനും യുവാക്കൾ ഇരുചക്ര വാഹനങ്ങളിൽ അഭ്യാസ പ്രകടനം നടത്തുന്നത് കണ്ടത്.
മോട്ടോർ വാഹന വകുപ്പിന്റെ വാഹനം കണ്ടയുടൻ യുവാക്കൾ മുങ്ങി. പക്ഷേ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് യുവാക്കളുടെ വിലാസം കണ്ടെത്തി വീട്ടിലെത്തിയത്. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം ആർടിഒ ടോജോ എം.തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്കെത്തിയത്. എൻഫോഴ്സ്മെന്റ് വിഭാഗത്തിലെ അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്ത് എത്തിയത്. പിടിച്ചെടുത്ത വാഹനം പൊലീസിന് കൈമാറി.
ലൈസൻസും മറ്റുരേഖകളുമില്ലാതെ അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനും പരിശോധനാസംഘം കൈകാണിച്ചിട്ട് നിർത്താതെപോയതിനും പിഴയും അടയ്ക്കേണ്ടിവരും. ഇതുകൂട്ടാതെ മോട്ടോർ വാഹന വകുപ്പിന്റെ റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസിലും പങ്കെടുക്കേണ്ടിവരും.
ലൈസൻസില്ലാത്തതിന് 1500 രൂപയും അപകടകരമായി വാഹനം ഓടിച്ചതിന് 1000 രൂപ യും വാഹനം നിർത്താതെപോയതിന് 1500 രൂപയും രൂപമാറ്റം വരുത്തിയതിന് 2000 രൂപയും പിഴ അടക്കണമെന്ന് അധികൃതർ പറഞ്ഞു.