ചാലക്കുടി: ഓടിച്ചു നോക്കാനെന്ന വ്യാജേന യുവാവിൽ നിന്നും ആഡംബര ബൈക്ക് വാങ്ങി കടന്നു കളയുകയും ഇതേ മാതൃകയിൽ മറ്റൊരു ബൈക്ക് തട്ടിയെടുത്ത് മാല പൊട്ടിക്കുകയും ചെയ്ത കുപ്രസിദ്ധ ക്രിമിനൽ പിടിയിൽ.
തളിക്കുളം കച്ചേരിപ്പടി പ്രണവ് ദേവ് എന്ന പ്രണവ് പ്രദീപിനെ (27)യാണ് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലി ഐപിഎസിന്റെ നിർദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി സി.ആർ.സന്തോഷിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
കഴിഞ്ഞ 29നു വൈകീട്ട് നാലോടെ ആനമല ജംഗ്ഷനിൽ സാധനങ്ങൾ വാങ്ങാൻ ബൈക്കിലെത്തിയ പരിയാരം സ്വദേശിയായ യുവാവിന്റെ ആഡംബര ബൈക്ക് അപരിചിതനായ ഒരാൾ പരിചയംനടിച്ച് ഓടിച്ചുനോക്കാൻ വാങ്ങി അമിതവേഗത്തിൽ ഓടിച്ചു പോവുകയായിരുന്നു.
അപ്രതീക്ഷിതമായ സംഭവത്തിൽ പരിഭ്രാന്തനായിപ്പോയ യുവാവിന് അൽപ സമയത്തിനുശേഷമാണ് മറ്റുള്ളവരെ വിവരമറിയിക്കാനായത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഉപകാരപ്പെടുന്ന ദൃശ്യങ്ങൾ ലഭിച്ചില്ല.
തുടർന്ന് സമാനമായ കുറ്റകൃത്യങ്ങൾ ചെയ്യുന്ന മുൻകാല ക്രിമിനലുകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ തളിക്കുളം സ്വദേശിയായ പ്രണവിനെ മാത്രം കണ്ടെത്താനായില്ല.പ്രണവിന്റെ തിരോധാനത്തിൽ സംശയം തോന്നി ഇയാളെ കണ്ടെത്താനുള്ള അന്വേഷണത്തിൽ ഇയാൾ മലപ്പുറത്തുണ്ടെന്ന് വിവരം ലഭിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ മലപുറം ജില്ല കേന്ദ്രീകരിച്ച് നടത്തിയപ്പോൾ മലപ്പുറം കുന്നുമ്മലിൽ ഇയാൾ വാടകയ്ക്കു താമസിച്ചിരുന്ന വീട് കണ്ടെത്തിയെങ്കിലും വാടക വീടൊഴിഞ്ഞ് വേറെ എവിടേയ്ക്കോ പോയതായി അറിഞ്ഞു.
സമീപ വാസികളിൽ നിന്നും ലഭിച്ച സൂചനകളിൽ മഞ്ചേരിക്കു സമീപം കൊളത്തുരിൽ ഉണ്ടാകാമെന്ന സൂചനകളേത്തുടർന്ന് അവിടം കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലൊടുവിലാണ് എറണാകുളത്ത് പൈസ വായ്പ വാങ്ങാൻ പോയി തിരികെ വരികയായിരുന്ന പ്രണവിനെ പിടികൂടിയത്.
പിടികൂടാൻ ശ്രമിക്കുന്പോൾ രക്ഷപെടാൻ ശ്രമിച്ച ഇയാളെ അതിസാഹസികമായ നീക്കത്തിലൂടെയാണ് കസ്റ്റഡിയിലെടുക്കാൻ സാധിച്ചത്.ചാലക്കുടി ഡിവൈഎസ്പി സി.ആർ. സന്തോഷിന്റെ നേതൃത്വത്തിൽ ചാലക്കുടി സർക്കിൾ ഇൻസ്പെക്ടർ കെ.എസ്. സന്ദീപ്, സബ് ഇൻസ്പെക്ടർ എം.എസ്. ഷാജൻ, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനു മോൻതച്ചേത്ത് , സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സിൽജോ, എ.യു. റെജി, ഷിജോ തോമസ്, ചാലക്കുടി സ്റ്റേഷനിലെ എഎസ്ഐ ജി.ടി.ജോഷി, സിപിഒമാരായ ടി.സി. ജിബി, സി. വിജയകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രണവ് ദേവിനെ പിടികൂടിയത്.
ചാലക്കുടിയിലെത്തിച്ചു നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ ചാലക്കുടിയിൽ നിന്നും ബൈക്ക് തട്ടിയെടുത്തത് കൂടാതെ കുന്നംകുളത്ത് വച്ച് മറ്റൊരു യുവാവിനെ കബളിപ്പിച്ച് ഡ്യുക്ക് ബൈക്ക് തട്ടിയെടുത്തതായും ആ ബൈക്കിന്റെ നന്പർ പ്ലേറ്റിൽ വ്യത്യാസം വരുത്തി പുതുക്കാട് സ്റ്റേഷൻ പരിധിയിൽ നടന്നു പോവുകയായിരുന്ന യുവതിയുടെ മാല പൊട്ടിച്ചതായും കുറച്ചു നാളുകൾക്കു മുന്പ് എരുമപ്പെട്ടി ഭാഗത്തുനിന്നും ബുള്ളറ്റ് മോഷ്ടിച്ചതായും സമ്മതിച്ചു.
തുടർന്ന് അറസ്റ്റുരേഖപ്പെടുത്തി കോവിഡ് പരിശോധനകളും മറ്റും നടത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കോടതിയിൽ ഹാജരാക്കും.