ബോബൻ ബി. കിഴക്കേത്തറ
കളമശേരി: യൂസ്ഡ് ഷോറൂമിനെ വിൽക്കാൻ ഏൽപ്പിച്ച ബൈക്ക് പരിചയമില്ലാത്ത വീട്ടമ്മയുടെ പേരിൽ രജിസ്റ്റർ ചെയ്ത് ഇതര സംസ്ഥാന യുവാവിന് മറിച്ച് വിറ്റതായി പരാതി. ബൈക്കിന്റെ ഒരു വർഷം പൂർത്തിയായ ഇൻഷ്വറൻസ് തുക പുതുക്കാൻ ആലുവയിലെ വീട്ടമ്മയ്ക്ക് നോട്ടീസ് വന്നതോടെയാണ് വിവരം പുറത്തറിയുന്നത്.
കളമശേരി എച്ച്എംടി ജംഗ്ഷനിൽ കാഞ്ഞിരത്തിങ്കൽ വീട്ടിൽ കെ.എസ്. ഷിബുവിന്റെ ബൈക്കാണ് പുതിയ ഉടമയറിയാതെ വീട്ടമ്മയുടെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ടത്. ആലുവ സ്വദേശിനിയായ വീട്ടമ്മയുടെ തിരിച്ചറിയൽ കാർഡും ആധാർ കാർഡും അവരറിയാതെ ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത് ബംഗാളി സ്വദേശിയായ സന്യാറിന് വിറ്റതാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. ആദ്യ ഉടമ ഷിബു, വീട്ടമ്മ, ബംഗാളി യുവാവ് എന്നിവർ പരസ്പരം അറിയാതെയാണ് ഈ ഇടപാട് നടന്നത്.
ആലുവയിലുള്ള ഷോറൂമിലാണ് കെഎൽ 07 ബികെ 1032 എന്ന നമ്പർ ഹീറോ ഹോണ്ട പാഷൻ പ്ലസ് ഡ്രം എന്ന വാഹനം വിൽക്കാനായി രണ്ടു വർഷം മുന്പ് ഷിബു ഏൽപ്പിച്ചത്. 2008 ൽ മേടിച്ച ബൈക്ക് 8000 രൂപയ്ക്കാണ് ഷോറൂമിന് നൽകിയത്. ഇതേ ബൈക്ക് 2017 ഓഗസ്റ്റ് 24 നാണ് ബംഗാളി യുവാവിന് ഷോറൂം മറിച്ച് വിറ്റത്.
ഇതര സംസ്ഥാന തൊഴിലാളി ആയതിനാൽ വാഹനം രജിസ്റ്റർ ചെയ്യാനാകില്ലെന്ന് വന്നു. അതിന് പരിഹാരമായി ആലുവ തുരുത്തിലുള്ള ഒരു വീട്ടമ്മയുടെ പേരിൽ വാഹനം രജിസ്റ്റർ ചെയ്ത് നൽകി. ഇൻഷ്വറൻസ് കമ്പനിയുടെ കത്ത് തുരുത്തിൽ എത്തിയതോടെയാണ് വീട്ടമ്മ തട്ടിപ്പ് അറിയുന്നത്.
ആലുവ പോലീസിൽ വീട്ടമ്മയുടെ ഭർത്താവ് പരാതി നൽകിയെങ്കിലും വാഹനം മറിച്ചു വിറ്റ സ്ഥാപനം ആദ്യഘട്ടത്തിൽ സഹകരിച്ചില്ല. പരാതിക്കാരൻ പോലീസുമായി പോയി ആദ്യ ഉടമസ്ഥനായ ഷാജിയേയും രണ്ടാമത് വാഹനം വാങ്ങിയ ബംഗാളി യുവാവ് സന്യാറിനെയും കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞിരുന്നു.
വാഹനവും ഉടമസ്ഥാവകാശവും ഷോറൂമിന് 2017ൽ കൈമാറിയെന്നും രണ്ടാമത്തെ ഉടമയെ ഷോറൂം സ്ഥാപനമാണ് കണ്ടെത്തിയതെന്നും ഷാജി ‘രാഷ്ട്രദീപിക’യോട് പറഞ്ഞു. എന്നാൽ താൻ ആവശ്യപ്പെട്ട പ്രകാരമല്ല വീട്ടമ്മയുടെ പേരിൽ രജിസ്റ്റർ ചെയ്തതെന്ന് ഇപ്പോൾ വാഹനം ഉപയോഗിക്കുന്ന സന്യാർ പറഞ്ഞു. ഒരു വർഷം തികഞ്ഞപ്പോൾ പുതുക്കാൻ ചെന്നതാണെന്നും പേര് മാറ്റാൻ ആവശ്യപ്പെട്ടപ്പോൾ ബന്ധുവിന്റെതാണെന്ന് പറഞ്ഞാൽ മതിയെന്ന് ഷോറൂം മാനേജർ ഉപദേശിച്ചത്രെ.
അതേസമയം വാഹനം മറിച്ച് വിൽക്കുമ്പോൾ ഉണ്ടായിരുന്ന ജീവനക്കാർ മാറിപ്പോയെന്നും എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും ഷോറും ജീവനക്കാർ പറഞ്ഞു. രണ്ടു ദിവസത്തിനകം പ്രശ്നം പരിഹരിക്കാനാകുമെന്ന് പോലീസ് അറിയിച്ചതായി ആദ്യ പരാതിക്കാരനായ തുരുത്ത് കൊമ്പത്ത് വീട്ടിൽ ഗോപി പറഞ്ഞു. എന്നാൽ ഇതിനായി ഉപയോഗിച്ച ആധാർ കാർഡ്, തിരിച്ചറിയൽ കാർഡുകൾ എങ്ങിനെയാണ് ലഭിച്ചതെന്നത് ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്.