സ്വന്തം ലേഖകൻ
കോഴിക്കോട്: ബസിലും നടന്നും പോകാൻ മടിച്ച് വാഹനങ്ങളിൽ ലിഫ്റ്റ് ചോദിച്ച് വിദ്യാർഥികൾ പോകുന്നത് അപകടത്തിലേക്ക്. രാവിലെയും വൈകുന്നേരവും സ്കൂൾ വിദ്യാർഥികൾ വാഹനങ്ങൾക്ക് കൈ കാണിച്ച് ലിഫ്റ്റ് ചോദിക്കുന്നത് കാണാതെ നഗരത്തിൽ കൂടി സഞ്ചരിക്കാൻ കഴിയില്ല. വാഹനങ്ങളിൽ ലിഫ്റ്റ് ചോദിച്ചുള്ള സ്കൂൾ വിദ്യാർഥികളുടെ യാത്ര ചെന്നെത്തുന്നത് വൻ കെണിയിലേക്കാണെന്ന് ചൈൽഡ് ഹെൽപ് ലൈനിലെ കണക്കുകൾ സൂചിപ്പിക്കുന്നു.
ലിഫ്റ്റ് കൊടുത്തുണ്ടാക്കുന്ന സൗഹൃദം കുട്ടികളെ ലഹരിക്ക് അടിമകളാക്കുന്നു. വിദ്യാർഥികൾ ലഹരി സംഘത്തിന്റെ വലയിലാകുന്നു. ലിഫ്റ്റ് യാത്ര വിദ്യാർഥികളുടെ ശാരീരികപീഡനത്തിനും വഴിയൊരുക്കുന്നുണ്ട്. പതുക്കെ കുട്ടികളുടെ വിശ്വാസം നേടിയെടുത്ത് കുട്ടികളെ ലഹരിക്കടിമയാക്കുകയും ലൈംഗീകമായി ഉപയോഗിക്കുകയുമാണ് ഇവർ ചെയ്യുന്നത്.
ചൈൽഡ് ലൈനിൽ എത്തുന്ന പരാതികൾ പ്രകാരമുള്ള അന്വേഷണത്തിൽ വിദ്യാർഥികളുടെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട 30 ശതമാനം കേസുകളും ഇത്തരം “ലിഫ്റ്റ് സൗഹൃദ’ങ്ങളിൽ നിന്നാണ് ഉണ്ടാകുന്നതെന്ന് കണ്ടെത്തി. ലഹരി വിൽപ്പനക്കാർ വിദ്യാർഥികളുമായി സൗഹൃദമുണ്ടാക്കാൻ സ്കൂൾസമയങ്ങളിൽ ഇരുചക്രവാഹനവുമായെത്തും.
സ്ഥിരമായി ലിഫ്റ്റ് ചോദിക്കുന്നവരെയും നടന്നുപോകുന്ന വിദ്യാർഥികളെയുമാണ് ഇവർ ലക്ഷ്യമിടുന്നത്. കുട്ടികളെ ചങ്ങാതിമാരാക്കി ലഹരിക്ക് അടിമയാക്കുകയാണ് ചെയ്യുന്നത്. സ്കൂളുകളിൽ ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരുന്നതിന് പിന്നിൽ ഇത്തരം സൗഹൃദമാണ്. കഞ്ചാവ് ഉപയോഗത്തിന്റെ പേരിലോ കൈവശംവച്ചതിനോ വിദ്യാർഥികളെ പിടികൂടിയാൽ കേസെടുക്കുന്നത് കുറവാണ്.
മാതാപിതാക്കളെ വിളിച്ചുവരുത്തി പറഞ്ഞയയ്ക്കുകയാണ് പതിവ്. ഇതിനാലാണ് ലഹരി കച്ചവടക്കാർ വിദ്യാർഥികളെ ലക്ഷ്യമിടുന്നത്. ആണ്കുട്ടികളുടെ ശാരീരികപീഡന പരാതികളിൽ 18 ശതമാനവും ഇത്തരം സൗഹൃദം വഴിയുണ്ടാകുന്നതാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
യാത്രചിലവിന് രക്ഷിതാക്കൾ നൽകുന്ന പണം മറ്റാവശ്യങ്ങൾക്ക് ഉപയോഗിച്ച് ലിഫ്റ്റ് ചോദിക്കുന്ന കുട്ടികളുമുണ്ട്. കുട്ടികളുടെ ലിഫ്റ്റ് ചോദിക്കലിൽ പതിയിരിക്കുന്ന വലിയ അപകടം തിരിച്ചറിഞ്ഞ് കുട്ടികൾക്ക് ഇതിന്റെ ദൂശ്യഫലങ്ങൾ പറഞ്ഞുകൊടുത്ത് ബോധവൽക്കരിക്കുകയും കുട്ടികൾ നല്ല യാത്രാമാർഗങ്ങൾ ഉപയോഗിക്കുന്നു എന്ന് രക്ഷിതാക്കാളും അധ്യാപകരും പോലിസുകാരും ചേർന്ന് ഉറപ്പ് വരുത്തുകയും ചെയ്യണമെന്ന് ചൈൽഡ് ഹെൽപ് ലൈൻ അധികൃതർ പറയുന്നു.