വലപ്പാട്: അന്തർ ജില്ലാ ബൈക്ക് മോഷണസംഘത്തിലെ കൗമാരക്കാരായ മൂന്നുപേരെ വലപ്പാട് പോലീസ് അറസ്റ്റുചെയ്ത് റിമാൻഡ് ചെയ്തു. ഇവരിൽനിന്ന് ബജാജ്, സുസുക്കി, ഹീറോ ഹോണ്ട, യമഹ എഫ്സീ ബൈക്കുകൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. വലപ്പാട് സിഐയുടെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേർ അറസ്റ്റിലായത്.
കോടൻവളവിൽ എസ്ഐ ഇ.ആർ. ബൈജുവിന്റെ നേതൃത്വത്തിൽ പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണു മൂവർസംഘം പിടിയിലായത്. നന്പർ പ്ലേറ്റ് ഇല്ലാതെ ഓടിച്ചുവന്നിരുന്ന ബൈക്ക് തടഞ്ഞുനിർത്തിയപ്പോൾ മൂവരും ഇറങ്ങിയോടി. തുടർന്ന് മഫ്തിയിൽ പല ഭാഗത്തു നിന്നിരുന്ന പോലീസുകാർ മൂവരേയും പിടികൂടുകയായിരുന്നു. തുടർന്നുള്ള ചോദ്യം ചെയ്യലിൽ മോഷ്ടിച്ച ബൈക്കുകൾ ഒളിപ്പിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
മോഷണ വാഹനങ്ങളിൽ ചുറ്റിത്തിരിയുന്ന സംഘം ആളുകളുടെ ശ്രദ്ധ കുറഞ്ഞിടങ്ങളിൽ കൂടുതൽ വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്ന സ്ഥലങ്ങൾ നിരീക്ഷിക്കും. ഹാൻഡിൽ ലോക്ക് ചെയ്യാത്ത ബൈക്കുകൾ കണ്ടെത്തി പ്രതേ്യക രീതിയിലൂടെ എൻജിൻ സ്റ്റാർട്ടാക്കി ഒാടിച്ചുപോകുകയാണു ചെയ്യുന്നത്. ഇങ്ങനെ മോഷ്ടിക്കുന്ന വാഹനം മറ്റൊരു സ്ഥലത്തുവയ്ക്കും. പിന്നെ അവിടെനിന്ന് മറ്റൊരു ബൈക്കു മോഷ്ടിച്ച് മറ്റൊരു സ്ഥലത്തു കൊണ്ടുവച്ചാണു മോഷണം നടത്തുന്നത്. കുറച്ചുനാളുകൾക്കുശേഷം പല സ്ഥലങ്ങളിലായി വച്ചിട്ടുള്ള ബൈക്കുകൾ അവിടെനിന്നെടുത്തു വിൽക്കുകയോ ദിവസവാടകയ്ക്കു കൊടക്കുകയോ ചെയ്യും.
ബൈക്കുമോഷണം പതിവായതോടെ വലപ്പാട് സിഐ സി.ആർ. സന്തോഷിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക സംഘത്തിലെ വലപ്പാട് എസ്ഐ ഇ.ആർ.ബിജു, ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങളായ ടി.ആർ.ഷൈൻ, കെ. രാജേഷ്, അനന്തകൃഷഅണൻ, പി.ഡി. ദിബീഷ്, ഷെഫീർ ബാബു എന്നിവരാണ് ബൈക്ക് മോഷണസംഘത്തെ പിടികൂടിയത്.
ബൈക്ക് സ്റ്റണ്ടിംഗ് ഭ്രമം മോഷ്ടാക്കളാക്കി
വലപ്പാട്: കൗമാരസംഘത്തെ മോഷ്ടാക്കളാക്കിയത് ബൈക്ക് സ്റ്റണ്ടിംഗിനു വില കൂടിയതും ശക്തിയേറിയതുമായ ബൈക്കുകൾ വാങ്ങാനുള്ള മോഹം. പണം സ്വരൂപിക്കാൻ മോഷ്ടിച്ച ബൈക്കുകൾ വാടകയ്ക്കു നൽകുകയായിരുന്നു ഇവർ.
ലഹരിമരുന്നു വില്പനക്കാരും മോഷ്ടാക്കളും ഇവരിൽനിന്നു ബൈക്ക് വാടകയ്ക്കെടുക്കാറുണ്ടെന്നു പോലീസ് പറഞ്ഞു. ഇത്തരം പ്രവർത്തനങ്ങൾക്കു മാതാപിതാക്കളുടെ ശ്രദ്ധക്കുറവും കാരണമായി.