തളിപ്പറമ്പ്: കുപ്രസിദ്ധ അന്തര്‍സംസ്ഥാന വാഹന മോഷ്ടാവ് തളിപ്പറമ്പില്‍ പിടിയിലായി. കാഞ്ഞങ്ങാട് ബേക്കല്‍ ചെര്‍ക്കാപ്പാറ സ്വദേശിയായ പത്തൊന്‍പതുകാരനെയാണ് ഞായറാഴ്ച്ച വൈകുന്നേരം ചിറവക്കില്‍ വെച്ച് വാഹന പരിശോധനക്കിടെ തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്ഐ പി.എ. ബിനു മോഹന്‍ പിടികൂടിയത്. കണ്ണൂരില്‍ നിന്ന് മോഷ്ടിച്ച കെഎല്‍ 59 എന്‍-148 നമ്പര്‍ പള്‍സര്‍ ആഡംബര ബൈക്കുമായി കാഞ്ഞങ്ങാട്ടേക്ക് പോകുകയായിരുന്നു ഇയാൾ. പോലീസിന്റെ ചോദ്യം ചെയ്യലില്‍ ബൈക്ക് മോഷ്ടിച്ചതാണെന്ന് ഇയാള്‍ സമ്മതിച്ചു. മംഗളൂരു സിറ്റി സെന്ററിനു സമീപം വെച്ച് കെഎ 19 ഇപി-8211 നമ്പര്‍ ബൈക്കും മഹാലിംഗേശ്വര ക്ഷേത്ര പരിസരത്തു നിന്ന് കെഎ 19 ഇജി 4709 ബൈക്കുമാണ് മോഷ്ടിച്ചത്. കാഞ്ഞങ്ങാട്ടെ വീട്ട് പരിസരത്തും സ്വകാര്യ ആശുപത്രി പരിസരത്തും സൂക്ഷിച്ച രണ്ട് ബൈക്കുകളും പോലീസ് കണ്ടെടുത്തു. ഓരോന്നും 1.80 ലക്ഷത്തോളം രൂപ വിലമതിക്കുന്ന ആഢംബര ബൈക്കുകളാണ്.
ഇത്തരത്തില്‍ വില കൂടിയ ബൈക്കുകള്‍ മാത്രമേ ഇയാൾ മോഷ്ടിക്കാറുള്ളൂവെന്ന് പോലീസ് പറഞ്ഞു. ബേക്കല്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ ഇയാൾക്കെതിരെ നാല് കേസുകള്‍ നിലവിലുണ്ട്. കഴിഞ്ഞ ജൂലായ് 22 ന് കണ്ണൂരില്‍ നിന്ന് മോഷ്ടിച്ച ബൈക്കുമായി പോകവെയാണ് ഇയാള്‍ കുടുങ്ങിയത്. മോഷ്ടിക്കുന്ന ബൈക്കുകള്‍ കുറച്ചുനാള്‍ ഉപയോഗിച്ച ശേഷം കർണാടകയില്‍ കൊണ്ടുപോയി 20,000 രൂപയ്ക്കും മറ്റുമാണ് വിറ്റഴിച്ചിരുന്നതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. കൂട്ടുപ്രതിയായ ബേക്കലിലെ ഇജാസിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇയാള്‍ ഒളിവിലാണ്.
രണ്ടാഴ്ച മുമ്പ് ബേക്കലിലെ ഒരു പള്ളിയില്‍ കയറി ഓഫീസ് റൂം കുത്തിത്തുറന്ന് ഉസ്താദിന്റെ 5000 രൂപ മോഷ്ടിച്ചതിന് ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്. ഈ കേസില്‍ പോലീസ് അന്വേഷിച്ചുവരുന്നതിനിടയിലാണ് കണ്ണൂരിലേക്ക് മുങ്ങിയത്. ഇവിടെ നിന്നും മോഷ്ടിച്ച ബൈക്കില്‍ പല സ്ഥലങ്ങളിലും ചുറ്റിക്കറങ്ങിയശേഷം മോഷ്ടിച്ച പണം തീര്‍ന്നതിനാല്‍ ബൈക്ക് വില്പന നടത്തുന്നതിന് കാഞ്ഞങ്ങാട്ടേക്ക് പോകുന്ന വഴിയിലാണ് തളിപ്പറമ്പില്‍ വച്ച് പോലീസിന്റെ വലയിലായത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ചുരുളഴിഞ്ഞത് മോഷണ കഥകൾ
തളിപ്പറമ്പ്: തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്ഐ പി.എ. ബിനുമോഹനന്റെ സമര്‍ത്ഥമായ നീക്കമാണ് കുപ്രസിദ്ധ വാഹനമോഷ്ടാവിന് കുരുക്കായത്. അമിതവേഗതയില്‍ ആഡംബര ബൈക്കോടിച്ചുവന്ന പയ്യന്റെ പ്രാകൃതമായ വേഷവിധാനവും ക്ഷീണിതമായ രൂപവുമാണ് ചിറവക്കില്‍ ഞായറാഴ്ച്ച വാഹനപരിശോധന നടത്തിക്കൊണ്ടിരിക്കുന്ന എസ്ഐയെ സംശയാലുവാക്കിയത്. വണ്ടി കൈനീട്ടി നിര്‍ത്തി രേഖകള്‍ ആവശ്യപ്പെട്ടതോടെ വാഹനം മോഷ്ടിച്ചതാണെന്ന് ബോധ്യമായി.
സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തതോടെയാണ് മംഗലാപുരത്തെ മോഷണവിവരം പുറത്തുവന്നത്. ബേക്കല്‍ പോലീസുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചതോടെയാണ് പോലീസ് തിരഞ്ഞുകൊണ്ടിരുന്ന കുപ്രസിദ്ധനായ അന്തര്‍സംസ്ഥാന മോഷ്ടാവിനെയാണ് പിടികൂടിയതെന്ന് പോലീസിന് വ്യക്തമായത്. കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് മംഗളൂരുവിൽ നിന്നും ആറ് മാസം മുമ്പും ഒരുമാസം മുമ്പും മോഷ്ടിക്കപ്പെട്ട ബൈക്കുകള്‍ ബേക്കലില്‍ വീട്ടിന് സമീപത്തെ കുറ്റിക്കാട്ടിലും കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രി പരിസരത്തും ഒളിച്ചുവെച്ച കാര്യം പ്രതി പോലീസിനോട് സമ്മതിച്ചത്.
ഇന്നലെ തന്നെ പോലീസ് ഈ ബൈക്കുകള്‍ കണ്ടെടുത്തു. മണല്‍ മാഫിയാ സംഘത്തിന്റെ പ്രധാന കണ്ണിയായിരുന്ന ഇയാൾ കുപ്രസിദ്ധ കുറ്റവാളിയും ഇപ്പോള്‍ ജയിലില്‍ കഴിഞ്ഞുവരികയും ചെയ്യുന്ന കത്തി അഷറഫിന്റെ ക്വട്ടേഷന്‍ സംഘത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇയാളുടെ കൂട്ടുപ്രതി ഇജാസും വിവിധ കേസുകളില്‍ പിടികിട്ടാപ്പുള്ളിയാണെന്ന് പോലീസ് പറഞ്ഞു. മോഷ്ടിച്ച വാഹനം ചെറിയ വിലക്ക് വില്പന നടത്തി പണം ധൂര്‍ത്തടിച്ച് ജീവിക്കുന്ന സ്വഭാവക്കാരനാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. കഞ്ചാവ് മയക്കുമരുന്ന് കടത്തുകേസുകളിലും ഇയാൾ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. കണ്ണൂര്‍- കാസര്‍ഗോഡ് ജില്ലകളില്‍ നടന്ന പല ഇരുചക്രവാഹന മോഷണങ്ങള്‍ക്കു പിന്നിലും ഇയാളും ഇജാസുമാണ് പ്രവര്‍ത്തിച്ചിരിക്കുന്നതെന്ന നിഗമനത്തിലാണ് പോലീസ്. അന്വേഷണ സംഘത്തില്‍ പ്രൊബേഷണറി എസ്ഐ യു.സനീഷ്, സീനിയര്‍ സിപിഒ രമേഷ്, സിപിഒമാരായ ജാബിര്‍, റോജിത്ത്, പുഷ്പജന്‍, ഷിജു എന്നിവരും ഉണ്ടായിരുന്നു.