കോട്ടയം: ലോക്ക് ഡൗണിനെത്തുടർന്ന് പകൽ, രാത്രി വ്യത്യാസമില്ലാത്ത പോലീസ് ശക്തമായ പരിശോധനകൾ നടത്തുന്പോൾ ജനങ്ങൾ വീട്ടിലിരിക്കുകയും കള്ളൻമാർ പുറത്തിറങ്ങുകയും ചെയ്യുന്നു.
കഴിഞ്ഞ വ്യഴാഴ്ച രാത്രിയിൽ ഏറ്റുമാനൂർ പേരൂരിലെ വീട്ടമുറ്റത്ത പാർക്ക് ചെയ്തിരുന്ന ആഢംബര ബൈക്ക് മോഷണം പോയി. ബൈക്കിന്റെ മുൻ ചക്രം പഞ്ചറായിരുന്നിട്ടും കള്ളൻമാർ ബൈക്ക് മോഷ്്ടിച്ചു കടന്നുകളയുകയായിരുന്നു.
സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനും പേരൂരിൽ വാടകയ്ക്കു താമസിക്കുന്നയാളുടെ ആഢംബര ബൈക്കാണ് മോഷണം പോയത്.
ഈ ബൈക്ക് പാർക്ക് ചെയ്തിരുന്ന വീട്ടുമുത്ത് തന്നെ അഞ്ച് മറ്റ് ബൈക്കുകളും രണ്ട് ഓട്ടോറിക്ഷകളും പാർക്ക് ചെയ്തിരുന്നു. ഇവയൊന്നും കള്ളനു വേണ്ടായിരുന്നു.
കള്ളൻമാർ കൃത്യമായ ആഢംബര ബൈക്ക് മാത്രമാണ് തട്ടിയെടുത്തത്. വ്യാഴാഴ്ച രാത്രി 12-നുശേഷമാണ് മോഷണം നടന്നിരിക്കുന്നത്.
ബൈക്കിന്റെ ഹാൻഡിൽ ലോക്ക് ചെയ്തിരുന്നതുമാണ്. വീട്ടുകാർ ഏറ്റുമാനൂർ പോലീസിൽ പരാതി നൽകി.
ഇതിനാൽ ലോക്ക് തകർത്ത് തള്ളി നീക്കിയോ, അല്ലെങ്കിൽ ബൈക്ക് മറ്റൊരു വാഹനത്തിൽ കയറ്റി കൊണ്ടുപോയിട്ടുണ്ടാവുമെന്നാണ് പോലീസ് നിഗമനം.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ് പോലീസ് സംഘം. പേരൂർ- ഏറ്റുമാനൂർ ഭാഗങ്ങളിൽ മോഷണം പതിവാകുന്നതായും നാട്ടുകാർ പരാതിപ്പെടുന്നു.
കോവിഡ് കാലത്ത് രാത്രിയിൽ പോലീസിന്റെ വാഹന പരിശോധന ശക്തമാണ്. ഇതിനിടയിലാണ് ബൈക്ക് മോഷണവും നടന്നിരിക്കുന്നത്.