കോട്ടയം: മോഷ്ടിച്ച ബൈക്ക് പെട്രോൾ ടാങ്കിന്റെ നിറം മാറ്റി ഉപയോഗിച്ചു വന്ന മൂന്നംഗ സംഘത്തെ ഒടുവിൽ പാലാ പോലീസ് പൊക്കി.ഈരാറ്റുപേട്ട നടയ്ക്കൽ സ്വദേശികളായ വഞ്ചാങ്കൽ ആഷിദ് (കയ്യാ- 21), എരപ്പാംകുഴിയിൽ മുനീർ( മുന്ന- 23), മാങ്കുഴക്കൽ സഹദ് ( അപ്പി- 18) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.
പിടിയിലായ മൂന്നു പേരെക്കുറിച്ചും പാലാ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. ആഷിദ് പ്രായപൂർത്തിയാകാത്ത പെണ്കുട്ടിയെ പിഡിപ്പിച്ച കേസിലും മുനീർ നിരവധി കഞ്ചാവ് കേസുകളിലും പ്രതികളാണ്.
കഴിഞ്ഞ 29നു തോടനാൽ അഞ്ഞിലിക്കാട്ടുവേലി ധനീഷിന്റെ വീട്ടുമുറ്റത്തുനിന്നും യമഹ ബൈക്കാണ് മൂന്നംഗ സംഘം രാത്രിയിൽ മോഷ്്ടിച്ചത്.
വീട്ടുമുറ്റത്തിരുന്ന ബൈക്ക് ഇഷ്്ടപ്പെട്ട സംഘം അതിവിദ്ഗധമായി മോഷണം നടത്തുകയായിരുന്നു. മോഷണം നടന്നതിന്റെ തലേദിവസം ആഷിദിന്റെ സഹോദരനു വേണ്ടി തോടനാലുനിന്നും ഒരു കാർ വില കൊടുത്തു വാങ്ങിയിരുന്നു.
കാർ വാങ്ങുന്നതിനായി പ്രതികൾ മൂന്നു പേരും ഒരുമിച്ചാണ് പോയത്.ഈ യാത്രയിലാണ് വീട്ടുമുറ്റത്തു സൂക്ഷിച്ചിരുന്ന യമഹ ബൈക്ക് ഇവർ കണ്ടത്.
തുടർന്നു പിറ്റേ ദിവസം സഹദിന്റെ ബൈക്കിൽ ഈരാറ്റുപേട്ടയിൽ നിന്നും തോടനാലെത്തി പ്രതികൾ മോഷണം നടത്തുകയായിരുന്നു. പീന്നിട് ബൈക്കിന്റെ പെട്രോൾ ടാങ്കിന്റെ കളർ മാറ്റി ഉപയോഗിക്കുകയായിരുന്നു.
ബൈക്ക് ആഷിദിന്റെ വീട്ടിൽ നിന്നു പോലീസ് കണ്ടെടുക്കുകയും ചെയ്തു.പാലാ ഡിവൈഎസ്പി പ്രബുല്ല ചന്ദ്രൻ, എസ്എച്ച്ഒ സുനിൽ തോമസ്, പ്രിൻസിപ്പൽ എസഐ കെ.എസ്. ശ്യംകുമാർ, എസ്ഐമാരായ തോമസ് സേവ്യർ, ഷാജി കുര്യാക്കോസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഉജ്വല, ഷെറിൻ സ്റ്റീഫൻ, സിവിൽ പോലീസ് ഓഫീസർമാരായ ജോജി, രഞ്ജിത്, ബിജു എം, അനീഷ്, ടോണി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.