ചെറായി: രാത്രി അസമയത്ത് പോലീസിനെകണ്ട് ഭയന്നോടി തൊട്ടടുത്ത വീട്ടുവളപ്പില്‍ കയറി ഒളിച്ചിരുന്ന രണ്ടംഗസംഘം പോലീസ് പോയിക്കഴിഞ്ഞപ്പോള്‍ വീടിന്റെ പോര്‍ച്ചില്‍ വച്ചിരുന്ന ബുള്ളറ്റ് മോഷ്ടിച്ചു കടന്നു കളഞ്ഞു.
ചെറായി വടക്കേ വളവില്‍ താമസിക്കുന്ന ഫെബിന് എന്നയാളുടെ മോട്ടോര്‍ സൈക്കിളാണ് മോഷണം പോയത്.കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടിനായിരുന്നു മോഷണം നടന്നത്.
താക്കോല്‍ വാഹനത്തില്‍ തന്നെ ഉണ്ടായിരുന്നതിനാലാണ് മോഷ്ടാക്കള്‍ക്ക് എളുപ്പത്തില്‍ മോഷണം നടത്താന്‍ കഴിഞ്ഞത്. സമീപത്തെ സിസിടിവി കാമറയില്‍ മോഷ്ടാക്കളുടെ രൂപം പതിഞ്ഞിട്ടുണ്ട്.
സംസ്ഥാനപാതയിലൂടെ നടന്നു വരുകയായിരുന്ന ഇരുവരും മുനമ്പം പോലീസിന്റെ പട്രോള്‍ വാഹനം കണ്ടാണ് ഓടിയൊളിച്ചത്. പോലീസ് ഇവരെ അന്വേഷിച്ച് മുഴുവന്‍ അവിടെ തെരഞ്ഞെങ്കിലും കണ്ടെത്താനാകാതെ തിരിച്ചുപോന്നു.
എന്നാല്‍ വീട്ടുവളപ്പില്‍ ഒളിച്ചിരുന്ന ഇരുവരും പോലീസ് പോയിക്കഴിഞ്ഞു എന്ന് ഉറപ്പായപ്പോഴാണ് മോട്ടോര്‍ സൈക്കിളും എടുത്തു കടന്നു കളഞ്ഞത്. ഇരുവരും സൈക്കിളുമായി ആലുവ ഭാഗത്തേക്ക് പോയതായാണ് സൂചനകള്‍.
അതേ സമയം ഇരുവരും മറ്റേതോ മോഷണ പദ്ധതിയുമായിട്ടാണ് എത്തിയതെന്നാണ് പോലീസിന്റെ സംശയം. ഉടമ മുനമ്പം പോലീസില്‍ നല്കിയ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.