അടൂര്‍: വീട്ടിൽനിന്നു മോഷ്ടിച്ച ബൈക്ക് വഴിയരികില്‍ ഉപേക്ഷിച്ചു. മോഷണവിവരം ഉടമ പോലീസില്‍ അറിയിച്ചു. ഉപേക്ഷിച്ചനിലയിൽ കണ്ട ബൈക്ക് ഉടമ തന്നെ പോലീസ് സ്റ്റേഷനിലെത്തിച്ചു.
സ്റ്റേഷന് വളപ്പില്‍ സൂക്ഷിച്ചിരുന്ന ബൈക്ക് അവിടെനിന്നു വീണ്ടും മോഷണം പോയി. പിന്നീട്, ബൈക്ക് സഹിതം യുവാവിനെ കസ്റ്റഡിയിലെടുത്ത് അടൂര്‍ പോലീസ് സ്റ്റേഷനിലെത്തിച്ചു.
പിന്നാലെ, മോഷ്ടാവ് കസ്റ്റഡിയില്‍നിന്നു ചാടിപ്പോയി. അടൂര്‍ പോലീസ് സ്റ്റേഷനിലാണ് ഒരുപാട് ട്വിസ്റ്റുകളുള്ള ഒരു ബൈക്ക് മോഷണക്കഥയുള്ളത്.
ബൈക്കുമായി പിടിയിലായ പന്നിവിഴ കൈമലപ്പാറ പുത്തന്‍ വീട്ടില്‍ അഖിലിനെ (22) ഇന്നലെ രാത്രി മുതല്‍ പോലീസ് അന്വേഷിക്കുകയാണ്.
സ്റ്റേഷില്‍ നിന്ന് രാത്രി എട്ടോടെ ഇയാളെ കാണാതാകുകയായിരുന്നു. അടൂര്‍ പുന്തല ടൂറിസ്റ്റ് ഹോമിന് സമീപത്തെ പേ ആന്‍ഡ് പാര്‍ക്കില്‍ നിന്നുമാണ് മോഷണം പോയ ബൈക്ക് സഹിതം ഇന്നലെ രാത്രി ഏഴിന് അഖിലിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
കഴിഞ്ഞ മാസമാണ് ഇളമണ്ണൂര്‍ വടക്കേതോപ്പില്‍ സാംകുട്ടിയുടെ ഉടമസ്ഥതയിലുള്ള ബജാജ് പള്‍സര്‍ ബൈക്ക് കാര്‍ പോര്‍ച്ചില്‍ നിന്ന് മോഷണം പോയത്. ഇതു സംബന്ധിച്ച് സാംകുട്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു.
11 ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പറക്കോടിനു സമീപം ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതിനാല്‍ പരാതിക്കാരനായ സാംകുട്ടി തന്നെ ബൈക്ക് എടുത്ത് അടൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.
കോടതിയില്‍ ഹാജരാക്കുന്നതിനു വേണ്ടി വാഹനം സ്റ്റേഷന് വളപ്പില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.ഇതിനിടെയാണ് സ്റ്റേഷന് വളപ്പില്‍ നിന്ന് വാഹനം കാണാതായത്.
കഴിഞ്ഞ 28 നാണ് പോലീസിന്റെ ശ്രദ്ധയില്‍ ഈ വിവരം പതിയുന്നത്. കസ്റ്റഡിയിലുള്ള ബൈക്ക് മോഷണം പോയ വിവരം രഹസ്യമാക്കി വച്ച് പോലീസ് അന്വേഷണം നടത്തുകയായിരുന്നു.
ഇന്നലെ വൈകിട്ടാണ് പേ ആന്‍ഡ് പാര്‍ക്കില്‍ ബൈക്കുമായി അഖിലിനെ കണ്ടത്. പിന്നാലെ ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും ഒരു മണിക്കൂര്‍ തികയുന്നതിന് മുമ്പ് ചാടിപ്പോവുകയുമായിരുന്നു.