കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ബുള്ളറ്റ് മോഷ്ടിച്ച പ്രതിയെ എഐ കാമറ കുടുക്കി. എഐ കാമറയിൽനിന്ന് ലഭിച്ച ദൃശ്യങ്ങളെ തുടർന്ന് കാസർഗോഡ് സ്വദേശി ലബീഷ് ബാലകൃഷ്ണനെ (23) നടക്കാവിൽ വച്ച് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ നാലിന് റെയിൽവേ മുത്തപ്പൻ ക്ഷേത്രത്തിന് സമീപം നിർത്തിയിട്ട കെഎൽ 58 സെഡ് 7052 നന്പർ ബുള്ളറ്റാണ് മോഷണംപോയത്.
ചാലാട് സ്വദേശി രാജേഷ് കന്നാട്ടിയുടെ ഉടമസ്ഥതയിലുള്ളതാണ് ബുള്ളറ്റ്. രാജേഷിന്റെ പരാതിയിൽ കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി.എ. ബിനു മോഹനനും സംഘവും അന്വേഷണം നടത്തിവരുന്നതിനിടെയാണ് കൊടുവള്ളിയിലെ എഐ കാമറയിൽ പ്രതി കുടുങ്ങിയത്.
ഹെൽമറ്റില്ലാതെയായിരുന്നു പ്രതി ബുള്ളറ്റ് ഓടിച്ചിരുന്നത്. എഐ കാമറയിൽ കുടുങ്ങിയപ്പോൾ ആർസി ഓണറായ രാജേഷിന് മൊബൈലിൽ നിയമലംഘനം നടന്നതായ സന്ദേശം എത്തുകയായിരുന്നു.
രാജേഷ് ഉടൻതന്നെ കണ്ണൂർ പോലീസിന് വിവരങ്ങൾ കൈമാറി. കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി.എ. ബിനു മോഹനൻ ഉടൻതന്നെ നടക്കാവ് പോലീസിൽ വിവരം അറിയിക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.