ചാലക്കുടി: ബൈക്ക് മോഷണക്കേസിൽ മൂന്നു യുവാക്കൾ അറസ്റ്റിൽ. കനകമല ഇരിങ്ങാന്പിള്ളി അഖിൽ (22), കൊന്നക്കുഴി കുന്നുമ്മൽ ബാലു (19), മുനിപ്പാറ തെങ്ങുവിള അജിത് (23) എന്നിവരെയാണ് ചാലക്കുടി ഡിവൈഎസ്പി സി.ആർ. സന്തോഷും പാർട്ടിയും ചേർന്ന് അറസ്റ്റു ചെയ്തത്. എലിഞ്ഞിപ്ര സ്വദേശിയായ ഒരു യുവാവിനെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മോഷണം പോയ ഒരു ബുള്ളറ്റും പിടികൂടി.
കൊരട്ടി തിരുനാളിന് കൊരട്ടി പള്ളിക്കു സമീപത്തുനിന്നും മോഷണംപോയ ഒരു ബൈക്ക് കണ്ടെടുത്തു. ചാലക്കുടി മേഖലയിൽ അടുത്തിടെ ഉണ്ടായ ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് ഇവർ ഉൾപ്പെടുന്ന സംഘം കുറച്ചുനാളായി പോലീസ് നിരീക്ഷണത്തിലായിരുന്നു. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി കെ.പി. വിജയകുമാരന്റെ നിർദേശാനുസരണം നടത്തിയ പ്രത്യേക രാത്രികാല പട്രോളിംഗിനിടയിലാണ് ഇവർ പോലീസിന്റെ വലയിലായത്.
ചാലക്കുടി, കൊടകര മേൽപാലങ്ങൾക്ക് അടിയിൽ പാർക്ക് ചെയ്യുന്ന ബൈക്കുകൾ മോഷണം പോകുന്നത് തടയുവാൻ പോലീസ് അന്വേഷണം വ്യാപിച്ചപ്പോഴാണ് പിടിയിലായ യുവാക്കളും ചില സുഹൃത്തുക്കളും ആഡംബര ജീവിതം നയിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. മോഷ്ടിച്ചുകിട്ടുന്ന പണം ലഹരി വസ്തുക്കൾ വാങ്ങുവാനായി ചെലവഴിക്കുന്നതായും ഇവർ പറഞ്ഞു.
ഇവരുമായി ബന്ധമുള്ള ചില യുവാക്കളും കൗമാരക്കാരും പോലീസിന്റെ നിരീക്ഷണത്തിലാണ്. ബൈക്ക് മോഷണ സംഘത്തിൽപ്പെട്ട കൂടുതൽ പേരെ പിടികൂടുന്നതിനായും ഇവരിൽനിന്നും ബൈക്കുകൾ വാങ്ങി ഉപയോഗിക്കുന്നവർക്കുംവേണ്ടി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.
ചാലക്കുടി എസ്ഐ ബി.കെ. അരുൺ, എം.എസ്. ഷാജൻ, ക്രൈം സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയി പൗലോസ്, പി.എം. മൂസ, വി.യു. സിൽജോ, എ.യു. റെജി, ഷിജോ തോമസ്, ചാലക്കുടി സ്റ്റേഷനിലെ സിപിഒമാരായ സതീശൻ, ജോയ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.