കാക്കനാട്: കാക്കനാടുനിന്നു ബൈക്ക് മോഷ്ടിച്ച മൂവര്‍ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികൾ മോഷണം നടത്തിയത് വർക്ക്ഷോപ്പിലെത്തി മെക്കാനിക്ക് പണി പഠിച്ച ശേഷം.
ഒഴിവു സമയങ്ങളില്‍ ടൂവീലർ വര്‍ക്ക്ഷോപ്പിൽ ഇരിക്കാറുള്ള സംഘം ബൈക്കിന്റെ മെക്കാനിക് ചെയ്യുന്നതു കണ്ട് പടിച്ചാണ് താക്കോലില്ലാതെ വാഹനം മോഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു.
ബൈക്കിന്റെ ഇഗ്നീഷ്യന്‍ വേര്‍പ്പെടുത്തി സ്റ്റാര്‍ട്ടാക്കിയശേഷം വണ്ടി സംഘം കടത്തികൊണ്ടുപോകുകയായിരുന്നു. കേസിൽ കങ്ങരപ്പടി പുളിക്കയത്ത് റംഷാദ് (20), തേവക്കല്‍ ഓലിപ്പറമ്പ് എബിന് ഹാഷ്ലി(20), ഇവരുടെ സുഹൃത്തായ പ്രായപൂര്‍ത്തിയാകാത്ത കുട്ടി എന്നിവരെയാണ് അറസ്റ്റ് ചെയതത്. കഴിഞ്ഞ ജൂണ്‍ മൂന്നിനായിരുന്നു സംഭവം.
കുന്നുംപുറം റോഡിലെ ഹെയർ സലൂണിലെ ജോലിക്കാരൻ നന്ദകുമാറിന്റെ പള്‍സര്‍ ബൈക്കാണ് കടയുടെ മുന്നിൽനിന്നു മോഷണം പോയത്.
ഡ്രൈവറായ എബിന്റെ ബൈക്ക് മീഡിയനില്‍ ഇടിച്ച് അപകടത്തില്‍പ്പെട്ടിരുന്നു. ഇതു നന്നാക്കാനായി വർക്ക്ഷോപ്പുകാർ ആവശ്യപ്പെട്ട വൻ തുക കണ്ടെത്താനാണ് സംഘം മോഷണം ആസൂത്രണം ചെയ്തത്.