കൊച്ചി: കലൂർ ജഡ്ജസ് അവന്യു റോഡിലുള്ള വീട്ടിൽ നിന്നും ബൈക്ക് മോഷ്ടിച്ച കേസിൽ അറസ്റ്റിലായ പ്രതികൾ മുന്പ് മോഷ്ടിച്ച വാഹനം തിരിച്ചുകൊടുത്ത് നന്മരങ്ങളായവർ.
കേസുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശികളായ മന്പാട് തയ്യിൽ വീട്ടിൽ മുഹമ്മദ് ആദിൽ (18), നിലന്പൂർ വഴിക്കടവ് കാഞ്ഞിരംകുന്നേൽ വീട്ടിൽ അലൻ (18), എടവണ്ണ തേക്കേടത്ത് വീട്ടിൽ ഷിബിൻ (18) എന്നിവരെയാണ് എറണാകുളം നോർത്ത് പോലീസ് പിടികൂടിയത്.
കഴിഞ്ഞ 12-ന് എറണാകുളം മാർക്കറ്റിന്റെ ഭാഗത്തു നിന്നും ഹീറോ ഇംപൾസ് ബൈക്ക് കൂടി മോഷ്ടിച്ചിരുന്നു. എറണാകുളം സ്വദേശിയായ പ്രശസ്തനായ ഒരു ഓണ്ലൈൻ വ്ലോഗറുടേതായിരുന്നു ഇത്.
സമൂഹ മാധ്യമങ്ങൾ വഴി ഈ വാഹനം മോഷണം പോയ വിവരം വലിയ വാർത്തയായത് അറിഞ്ഞ പ്രതികൾ ഈ വാഹനം കൈവശം വയ്ക്കുന്നത് അപകടം ആണെന്ന് മനസിലാക്കി.
തുടർന്നു വാഹനയുടമയെ ഫോണിൽ വിളിച്ച് ഇവർ യാത്ര ചെയ്യുന്പോൾ പാലക്കാട് ഈ വണ്ടി ഇരിക്കുന്നതായി കണ്ടെന്നു അറിയിച്ചു.
ആദ്യം പാലക്കാടെ ഒരു പാർട്ടി ഓഫീസിനു മുന്നിൽ കണ്ടുവെന്നും പിന്നീട് മിലിട്ടറി ഓഫീസിന് അടുത്തായെന്നും അറിയിക്കുകയും ആയിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ വ്ളോഗർക്ക് മോഷ്ടിക്കപ്പെട്ട വാഹനം തിരികെ ലഭിച്ചു.
കഴിഞ്ഞ 12ന് പുലർച്ചെ വീട്ടിൽ അതിക്രമിച്ച് കയറി അവിടെ പാർക്ക് ചെയ്തിരുന്ന ഒരു ലക്ഷത്തോളം രൂപ വില വരുന്ന കെടിഎം ഡ്യൂക്ക് ബൈക്കാണ് പ്രതികൾ മോഷ്ടിച്ചത്.
ഇതിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലാണ് പ്രതികൾ വ്ളോഗറുടെ വാഹന മോഷണത്തിന്റെ കഥ പോലീസിനോടു പറഞ്ഞത്.
നിലവിൽ 15 വാഹനങ്ങൾ ഇവർ മോഷ്ടിച്ചതായി വിവരം ലഭിച്ചുവെന്നു എറണാകുളം നോർത്ത് പോലീസ് ഇൻസ്പെക്ടർ കെ.ബ്രിജുകുമാർ പറഞ്ഞു.
പ്രതികളിൽ മുഹമ്മദ് ആദിൽ എന്നയാൾ മലപ്പുറം, നല്ലളം, നിലന്പൂർ പോലീസ് സ്റ്റേഷനുകലിൽ ബൈക്ക് മോഷണ കേസുകളിൽ പ്രതിയായി ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
നോർത്ത് പോലീസ് ഇൻസ്പെക്ടർ കെ.ബ്രിജുകുമാറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ അഖിൽദേവ്, ബിനു, ബിജു, സത്യജിത്, സിപിഒമാരായ വിനീത് പവിത്രൻ, അജിലേഷ്, ഉണ്ണികൃഷ്ണൻ, മഹേഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.