കോഴഞ്ചേരി: പുതിയകാവ് അമ്പലത്തിന് സമീപത്ത് നിന്നും ബൈക്ക് മോഷ്ടിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ഒന്നാം പ്രതി പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണ്.
അയിരൂര്‍ കാഞ്ഞേറ്റുകര വേലംപടി കുമ്പിളും മൂട്ടില് സൂരജാണ് (19) അറസ്റ്റിലായ രണ്ടാം പ്രതി. ചെറുകോല്‍പ്പുഴ – റാന്നി റോഡില്‍ പുതിയകാവ് അമ്പലത്തിനു സമീപം കഴിഞ്ഞ 14ന് ഇരു ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചിരുന്നു.
അപകടത്തില്‍ ഉള്‍പ്പെട്ട ഒരു മോട്ടോര്‍ സൈക്കിള്‍ അമ്പലത്തിന്റെ പടിഞ്ഞാറേ നടയ്ക്ക് സമീപമുള്ള മതിലിനോട് ചേര്‍ത്ത് വച്ചിരിക്കുകയായിരുന്നു. ഈ ബൈക്കാണ് 17ന് രാത്രി മോഷ്ടിക്കപ്പെട്ടത്.
അയിരൂര്‍ കൈതക്കോടി കീമാത്തില്‍മുക്കിനു സമീപം കുരുടാമണ്ണില്‍ വര്‍ക്കലെത്ത് വീട്ടില്‍ സാം ഫിലിപ്പിന്റെതാണ് ബൈക്ക്. ഇത് സംബന്ധിച്ച പരാതിയില്‍ കേസെടുത്ത കോയിപ്രം പോലീസ് മോഷ്ടിക്കപ്പെട്ട ബൈക്ക് ചെങ്ങന്നൂരില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.
പ്രതിക്കായുള്ള അന്വേഷണത്തിനിടെ, കഴിഞ്ഞദിവസം പുലര്‍ച്ചെ 12.15 ഓടെ കോഴഞ്ചേരി ബസ് സ്റ്റാന്റിന് സമീപത്ത് നിന്നും കേസിലെ ഒന്നാം പ്രതിയായ കുട്ടിയെ കണ്ടെത്തി.
ഇയാളുടെ മൊഴിപ്രകാരമാണ് രണ്ടാം പ്രതിയായ സൂരജിനെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തത്.ബൈക്ക് വച്ചിരുന്ന സ്ഥലത്തേക്ക് ഇരുവരും എത്തിയ സ്കൂട്ടറും മോഷ്ടിച്ച ബൈക്കും കണ്ടെടുത്തു.
ബൈക്ക് ചെങ്ങന്നൂരിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയിലാണ് നേരത്തെ കണ്ടെത്തിയത്. രണ്ടാം പ്രതി സൂരജിനെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.