ചാരുംമൂട്: സ്കൂട്ടറുകൾ മോഷ്ടിച്ചശേഷം നമ്പർ പ്ലേറ്റ് ഇളക്കി മാറ്റി കറങ്ങുന്ന സംഘം പോലീസ് പിടിയിലായി. സംഘത്തിൽ പതിനഞ്ചു വയസുള്ള മൂന്നു കുട്ടികളും പിടിയിലായി. നൂറനാട് ചെറുമുഖ ഐരാണിക്കുടി മേലേ അറ്റത്തേതിൽ ആദർശി(നന്ദു- 19)നെയാണ് നൂറനാട് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം വൈകിട്ട് ചാരുംമൂട് ജംഗ്ഷനു സമീപം വാഹന പരിശോധന നടത്തിയ നൂറനാട് പോലീസ് സംഘത്തിന് മുന്നിൽ നമ്പർ പ്ലേറ്റില്ലാതെ സ്കൂട്ടറിൽ വന്ന രണ്ടുപേർ കൈകാണിച്ചിട്ടും നിർത്താതെ കടന്നുകളയാൻ ശ്രമിച്ചു. ഇവരെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് വാഹനം മോഷ്ടിച്ചതാണെന്ന സംശയം ബലപ്പെട്ടത്.
തുടർന്ന് നൂറനാട് സിഐ ഷൈജു ഇബ്രാഹിമിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് സ്കൂട്ടർ മോഷ്ടിച്ചതാണെന്ന് കണ്ടെത്തിയത്. സംഘത്തിലെ പ്രധാനിയാണ് പിടിയിലായ ആദർശ്. ഇയാളെ കൂടുതൽ ചോദ്യം ചെയ്തതിൽനിന്നു സംഘം ചിങ്ങവനം, മാങ്കാംകുഴി എന്നീ സ്ഥലങ്ങളിൽനിന്നു മോഷ്ടിച്ച രണ്ടു സ്കൂട്ടറുകൾ കണ്ടെടുത്തു.
ആദർശിനൊപ്പം മോഷണം നടത്തി വന്നത് പതിനഞ്ചു വയസുള്ള മൂന്നു കുട്ടികളായിരുന്നുവെന്നും പോലീസ് കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ മാസം 21 ന് പുലർച്ചെ മാങ്കാംകുഴി ഭാഗത്ത് ഒരു വീടിന്റെ പോർച്ചിലിരുന്ന സ്കൂട്ടറാണ് ആദ്യം മോഷ്ടിച്ചത്.ശനിയാഴ്ച രാത്രി സംഘം പന്തളത്തുനിന്നു ബസ് കയറി കോട്ടയം ബസ് സ്റ്റാൻഡിൽ ഇറങ്ങി ചിങ്ങവനം വരെ നടന്നു.
പള്ളം ബോർമ കവല ഭാഗത്തുള്ള പാർക്കിംഗ് സ്ഥലത്തുനിന്നാണ് മറ്റൊരു സ്കൂട്ടർ മോഷ്ടിച്ചത്. കൂട്ടത്തിലുള്ള 15 കാരനാണ് ലോക്ക് പൊട്ടിച്ചു സ്കൂട്ടർ സ്റ്റാർട്ടാക്കുന്നതിൽ വിദഗ്ധൻ. മോഷ്ടിച്ച സ്കൂട്ടറുകൾ നമ്പർ പ്ലേറ്റ് ഇളക്കിമാറ്റി ഓരോരുത്തർ എടുത്ത് ഉപയോഗിച്ചു വരികയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
കോട്ടയം ജില്ലയിലെ മറ്റു സ്ഥലങ്ങളിൽനിന്നും വള്ളികുന്നം ഭാഗത്തുനിന്നും മറ്റും ഈ സംഘം വാഹനമോഷണം നടത്തിയതായി വിവരം ലഭിച്ചിട്ടുള്ളതിനാൽ ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ചെങ്ങന്നൂർ ഡിവൈഎസ്പി കെ.എൻ. രാജേഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.
മാവേലിക്കര കോടതിയിൽ ഹാജരാക്കിയ ആദർശിനെ റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത കൂട്ടാളികളെ ആലപ്പുഴ ജുവനൈൽ ജസ്റ്റീസ് ബോർഡ് മുമ്പാകെ ഹാജരാക്കി. നൂറനാട് പോലീസ് ഇൻസ്പെക്ടർ ഷൈജു ഇബ്രാഹിിനൊപ്പം എസ്ഐ അരുൺ കുമാർ, റ്റി.ആർ. ഗോപാലകൃഷ്ൻ, കെ. ബാബുക്കുട്ടൻ, എഎസ്ഐ ബി. രാജേന്ദ്രൻ, എസ്സിപിഒമാരായ സിനു വർഗീസ്, പി. പ്രവീൺ, എ. ശരത്ത്, ജംഷാദ് എന്നിവർ പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു.