ചേര്‍ത്തല: മോഷ്ടിച്ച ബൈക്കില്‍ സഞ്ചരിച്ച് കുറ്റകൃത്യങ്ങള്‍ നടത്തുന്ന യുവാവ് പിടിയില്‍. തോപ്പുപടി മുണ്ടംവേലി പാലംപള്ളിപറമ്പില്‍ അഭിലാഷ് ആന്റണിയെയാണ് (26) ചേര്‍ത്തല പോലീസ് എരമല്ലൂരില്‍ വെച്ചു പിടികൂടിയത്. എഴുപുന്നയില്‍ വാടക വീട്ടില്‍ കഴിയുകയായിരുന്നു.
എറണാകുളം, ചേര്‍ത്തല പോലീസ് സ്റ്റേഷനുകളിലായി മോഷണം, മയക്കുമരുന്ന് തുടങ്ങിയ എട്ടോളം കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ട്.
ചേര്‍ത്തല റെയില്‍വേ സ്റ്റേഷനില്‍ നിന്നു കോഴിക്കോട് സ്വദേശിയുടെ ബുള്ളറ്റ് മോഷ്ടിച്ചതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കുടങ്ങിയത്.
ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ളതടക്കം നൂറോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും റൂട്ട്മാപ്പ് തയാറാക്കിയും പോലീസിന്റെ പ്രത്യേക സംഘമാണ് ഇയാളെ കുടുക്കിയത്.
ചേര്‍ത്തല സ്റ്റേഷന് ഓഫീസര്‍ ബി.വിനോദ്കുമാര്‍, എസ്ഐ മാരായ വി.ജെ ആന്റണി, വിനോദ്, ഡിവൈഎസ്പിയുടെ പ്രത്യേക സംഘാംഗങ്ങളായ ഗിരീഷ്, അനീഷ്, പ്രവീണ്‍, അരുണ്‍കുമാര്‍, സിപിഒ മാരായ വിനീഷ്, ഹരീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.