മഞ്ചേരി: അന്യസംസ്ഥാനങ്ങളിൽ നിന്നു ബൈക്ക് മോഷ്ടിച്ചു കേരളത്തിലേക്കു കടത്തി വിൽപ്പന നടത്തുന്ന രണ്ടു യുവാക്കളെ കളവ് ചെയ്ത വാഹനങ്ങൾ സഹിതം മഞ്ചേരി പോലീസ് പിടികൂടി. കർണാടക കുടക് സ്വദേശി സൈനുൽ ആബിദ്, മഞ്ചേരി ഇരുന്പുഴി സ്വദേശി ചാലിൽ കിഴങ്ങുതൊടി ഷഫീഖ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നു ഒന്നര ലക്ഷം രൂപ വില വരുന്ന രണ്ടു ബുള്ളറ്റുകളും പിടികൂടി.
സൈനുൽ ആബിദിന്റെ പേരിൽ പട്ടാന്പി, മലപ്പുറം പോലീസ് സ്റ്റേഷനുകളിൽ കളവു കേസുകൾ നിലവിലുണ്ട്. കാർ വാടകകെടുത്ത് കറങ്ങി നടന്നു ട്രാൻസ്പോർട്ട് ബസുകളിലെയും സ്കൂൾ ബസുകളിലെയും ബാറ്ററികൾ മോഷ്ടിച്ചു വിൽക്കുന്നതും ഇതുവഴി ലഭിക്കുന്ന പണവുമായി ബംഗളുരൂവിലും മറ്റും പോയി ആർഭാട ജീവിതം നയിക്കുന്നതുമാണ് ഇവരുടെ രീതി.
പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നു കേസുമായി ബന്ധപ്പെട്ടു സംസ്ഥാനത്തിന അകത്തും പുറത്തുമുള്ള ഇതര പ്രതികളെക്കുറിച്ചു വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു. കേരളത്തിൽ നിന്നു ഇതരസംസ്ഥാനങ്ങളിലേക്കു പഠിക്കാൻ പോകുന്ന വിദ്യാർഥികളിൽ ചിലർ പണത്തിനു വേണ്ടി ഇത്തരം കുറ്റകൃത്യങ്ങളിൽ വ്യാപകമായി പങ്കുകൊള്ളുന്നതു സംബന്ധിച്ചും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
മലപ്പുറം ഡിവൈഎസ്പി ജലീൽ തോട്ടത്തിലിന്റെ നിർദേശ പ്രകാരം മഞ്ചേരി സിഐ എൻ.ബി ഷൈജു, എസ്ഐ ജലീൽ കറുത്തേടത്ത് അഡീഷണൽ എസ്ഐ നസ്റുദീൻ, പോലീസുദ്യോഗസ്ഥരായ ഉണ്ണികൃഷ്ണൻ മാരാത്ത്, ദിനേഷ്, മുഹമ്മദ് സലീം, ഹരിലാൽ, രതീഷ്, സുനിൽ, സൽമ, ഷീജ എന്നിവരാണ് പ്രതിയെ പിടികൂടിയത്.