കറുകച്ചാൽ: മോഷ്ടിച്ച സ്കൂട്ടർ വിൽക്കാനായി കറുകച്ചാലിലെത്തിയ രണ്ടുപേരെ പോലീസ് പിടികൂടി. പിടിയിലായത് സ്കൂട്ടർ വിൽക്കുന്നതിനിടയിൽ.
സംഭവത്തിൽ മണർകാട് സ്വദേശി ആലപ്പാട് ഷിനു (30) തിരുവഞ്ചൂർ സ്വദേശി മണിയാറ്റുങ്കൽ അനന്തു (23) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച ഒന്നരയോടെ നീറിക്കാട്-ഗൂർഖണ്ഡസാരി റോഡിലായിരുന്നു സംഭവം.
സ്കൂട്ടർ നിർത്തി ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന സ്കൂട്ടറുടമ അയർക്കുന്നം ഗൂർഖണ്ഡസാരി സന്തോഷ്ഭവനിൽ ഡെന്നീസ് ജോസഫി (51)നെ ഷിനുവും അനന്തുവും ചേർന്ന് ഹെൽമറ്റുകൊണ്ട് ആക്രമിച്ച് പരിക്കേൽപിച്ച് വാഹനവുമായി രക്ഷപ്പെടുകയായിരുന്നു.
ശേഷം വാഹനത്തിന്റെ നന്പർ മാറ്റുകയും കണ്ണാടികൾ ഇളക്കി മാറ്റുകയും ചെയ്തു. സ്കൂട്ടർ കറുകച്ചാലിലെത്തിച്ച് വിൽക്കാനായിരുന്നു ഇവരുടെ ശ്രമം.
സ്കൂട്ടറുമായി ബിവറേജസിന് സമീപമെത്തിയ ഇവർ ആളുകളോട് സ്കൂട്ടർ വിൽക്കാനുണ്ടെന്നും ചെറിയ വിലയ്ക്ക് നൽകാമെന്നും പറഞ്ഞു. സംശയം തോന്നിയ ഒരാൾ വിവരം കറുകച്ചാൽ പോലീസിൽ അറിയിച്ചു.
നേരത്തെതന്നെ സ്കൂട്ടർ നഷ്ടമായ വിവരം അയർക്കുന്നം പോലീസ് എല്ലാ സ്റ്റേഷനുകളിലും അറിയിച്ചിരുന്നു. തുടർന്ന് സ്കൂട്ടർ വാങ്ങാമെന്ന് പറഞ്ഞ് പോലീസ് ഇവരെ കറ്റുവെട്ടി ഭാഗത്തേക്കുവരാൻ ആവശ്യപ്പെട്ടു.
തുടർന്ന് പ്രതികളെ പിടികൂടുകയായിരുന്നു. അനന്തുവിന്റെ പേരിൽ മോഷണമടക്കം നിരവധി കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.