കൂട്ടിക്കൽ: ബൈക്കുടമകളോട് മോഷ്ടാക്കളുടെ അപേക്ഷ! ബൈക്കുകളിൽ പെട്രോൾ നിറച്ചുവയ്ക്കണം. അല്ലെങ്കിൽ ഒരു ബൈക്കിനു പകരം പല ബൈക്കുകൾ മോഷ്ടിക്കേണ്ടിവരും.
കൂട്ടിക്കലിൽനിന്നു മോഷ്ടിച്ച ബൈക്കുകളിലൊന്നും ആവശ്യത്തിന് പെട്രോളില്ലായിരുന്നുവെന്നതാണ് പിന്നെയും മോഷണത്തിനു കള്ളന്മാരെ പ്രേരിപ്പിച്ചതെന്നു പോലീസ് കണ്ടെത്തി.
കാരണം കണ്ടെത്തിയെങ്കിലും മോഷ്ടാക്കളെ പിടികൂടാനായില്ല. കള്ളൻമാരെ തേടി മുണ്ടക്കയം-പെരുവന്താനം പോലീസ് പരക്കം പായുനകയാണ്.
ഇന്നലെ മുണ്ടക്കയം കൂട്ടിക്കലിലും സമീപ പ്രദേശത്തുമായാണ് സിനിമാക്കഥയ്ക്കു സമാനമായ രീതിയിൽ മൂന്നു ബൈക്കുകൾ മോഷണം പോയത്.
തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവങ്ങളുടെ തുടക്കം. നാരകംപുഴ സഹകരണബാങ്കിന് എതിർവശം താമസിക്കുന്ന കൊക്കയാർ പഞ്ചായത്ത് ജീവനക്കാരൻ ജിയാഷിന്റെ ബൈക്കാണ് രാവിലെ മുതൽ കാണാതായത്.
തുടർന്നു സഹകരണബാങ്കിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് കാര്യങ്ങൾ വ്യക്തമായതും മോഷണമാണെന്ന് കണ്ടെത്തിയതും.
രണ്ടംഗ സംഘം വീടിനു സമീപം പാതയോരത്തു പാർക്കു ചെയ്തിരുന്ന ബൈക്ക് പൂട്ടു തകർത്ത് കൊണ്ടുപോകുകയായിരുന്നു.
അന്വേഷണത്തിനൊടുവിൽ ഈ ബൈക്ക് കൂട്ടിക്കൽ ടൗണിനു സമീപത്തെ വർക്ക് ഷോപ്പിനു മുന്നിൽ നിന്നും കണ്ടെത്തി. പീന്നിടാണ് ഇവിടെ നിന്നും മറ്റൊരു ബൈക്ക് കാണാതായ വിവരം അറിയുന്നത്.
കുറച്ചു സമയത്തിനുശേഷം ചപ്പാത്ത് ഭാഗത്ത് നിന്നും ഈ ബൈക്കും കണ്ടെത്തിയതോടെയാണ് മൂന്നാമത്തെ ബൈക്കും കാണാതായ വിവരമറിയുന്നത്.
ഇതോടെയാണ് കാര്യങ്ങൾക്കു കൂടുതൽ വ്യക്തത ലഭിച്ചത്. ആദ്യം മോഷ്ടിച്ച ബൈക്കുമായി സംഘം പോകുന്നതിനിടയിൽ കൂട്ടിക്കൽ ടൗണിനു സമീപത്തു വച്ചു പെട്രോൾ തീർന്നതോടെ അതുപേക്ഷിച്ചു.
സമീപത്തെ വർക് ഷോപ്പിൽ പാർക്കു ചെയ്ത രണ്ടാമത്തെ ബൈക്കുമായി പോയെങ്കിലും ചപ്പാത്തു ഭാഗത്ത് എത്തിയതോടെ അതിലെ പെട്രോളും തീർന്നു.
പിന്നീട് സമീപത്തെ മനങ്ങാട്ട് അൽത്താഫിന്റെ വീട്ടിൽ കയറി അവിടെ പാർക്കുചെയ്ത ബൈക്കുമായി സംഘം മുങ്ങുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൽ ലഭിച്ചെങ്കിലും മോഷ്ടാക്കളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.