കോഴിക്കോട്: നഗരത്തില്‍ ബൈക്ക് മോഷ്ടാക്കള്‍ വിലസുന്നു. വിലകൂടിയതും കുറഞ്ഞതുമായ ബൈക്കുകള്‍ നിരവധി അടുത്തിടെ മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ മാത്രം മൂന്നിടങ്ങളില്‍ നിന്നാണ് നഗരമധ്യത്തില്‍ നിന്ന് ബൈക്കുകള്‍ മോഷ്ടിച്ചത്. ഇതില്‍ മോഷ്ടിച്ച ഒരു ബൈക്കുമായി വരുന്നതിനിടെ മൂന്നംഗസംഘത്തെ നാട്ടുകാര്‍ തടഞ്ഞുവച്ച് പോലീസിന് കൈമാറിയിരുന്നു.
മൂടാടി സ്വദേശി നിഖില്‍ ഗംഗാധരന്റെ കെഎല്‍ 56 ഡി 9925 പള്‍സര്‍ ബൈക്കാണ് കഴിഞ്ഞ ദിവസം മോഷ്ടിച്ചത്. ശനിയാഴ്ച രാത്രി 11.15 നും ഞായറാഴ്ച രാവിലെ 8.30 നും ഇടയിലാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള സ്വകാര്യ ആശുപത്രി കോമ്പൗണ്ടില്‍ നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിച്ചത്. മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സിസിടിവില്‍ പതിഞ്ഞിട്ടുണ്ട്. പുലര്‍ച്ചെ 5.30 ഓടെ ബൈക്ക് എടുത്തുപോവുന്നതായാണ് ദൃശ്യങ്ങളിലുള്ളത്.
എന്നാല്‍ പാര്‍ക്കിംഗ് സ്ഥലത്ത് ഇരുട്ടായതിനാല്‍ പോലീസിന് സിസിടിവി ദൃശ്യങ്ങളിലുള്ള ആളെ തിരിച്ചറിയാനായിട്ടില്ല. ആശുപത്രിയിലെ തന്നെ ജീവനക്കാരനായ നിഖിലിന്റെ പരാതിയില്‍ ടൗണ്‍പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കഴിഞ്ഞ മാസം വെള്ളയില്‍ പോലീസ് പരിധിയിലും ബൈക്ക് മോഷ്ടിച്ചിരുന്നു.
ചെറൂട്ടി റോഡ് നാലാം റെയില്‍വെ ഗേറ്റിന് സമീപം നിര്‍ത്തിയിട്ട വയനാട് പുല്‍പ്പള്ളി നെല്ലാടന്‍ വീട്ടില്‍ അജിത്തിന്റെ കെഎല്‍ 73 ബി 5457 നമ്പര്‍ റോയല്‍ എല്‍ഫീല്‍ഡ് ക്ലാസിക് 350 ബൈക്കാണ് ഉച്ചയ്ക്ക് രണ്ടുമണിയോടെ പാര്‍ക്ക് ബില്‍ഡിങ്ങിലെ സൈബ്രം ടെക്നോളീസിന് മുന്‍വശത്ത് നിന്ന് മോഷ്ടിച്ചത്. സിസിടിവി കാമറയില്‍ മോഷ്ടാവിന്റെ ദൃശ്യമുണ്ടെങ്കിലും പിടികൂടാന്‍ പോലീസിനായിട്ടില്ല.
ഏതാനും ദിവസം മുമ്പ് മോഷ്ടിച്ച ബൈക്കുമായി എത്തിയ മൂന്ന് യുവാക്കളെ ടൗണ്‍പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒളവണ്ണയിലെ കമ്പിളിപ്പറമ്പ് വി.പി.എ. ഹൗസില്‍ സല്മാന് ഫാരീസ്(23), നടക്കാവ് പണിക്കര്‍ റോഡ് റാസിഖ് മന്‍സിലില്‍ എന്‍.പി.ഉസ്മാന് (21), തോപ്പയില്‍ ബീച്ചില്‍ താമസിക്കുന്ന സെയ്തലവി ഷമീര്‍ (23) എന്നിവരാണ് പിടിയിലായത്. വളയനാട് ക്ഷേത്രത്തിന് സമീപത്തുള്ളയാളുടെ ബൈക്കായിരുന്ന ഇവര്‍ മോഷ്ടിച്ചത്.
ബൈക്കില്‍ പെട്രോള്‍ തീര്‍ന്നതിനെ തുടര്‍ന്ന് ചെറൂട്ടിറോഡിലെ പമ്പിലേക്ക് തള്ളികൊണ്ടുവരുന്നതിനിടെ രാത്രി 10.20 ഓടെ ബൈക്കിന്റെ ഉടമയുടെ സുഹൃത്തിന്റെ ശ്രദ്ധയില്‍ പെടുകയും പിടികൂടുകയുമായിരുന്നു. തുടര്‍ന്ന് ടൗണ്പോലീസെത്തി പ്രതികളെ അറസ്റ്റ് ചെയ്തു. പ്രതികള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.
യുവാക്കളാണ് ബൈക്ക് മോഷണത്തിനു പിന്നിലുള്ളത്. നമ്പര്‍ പ്ലേറ്റും ബൈക്കിന്റെ നിറവും വരെമാറ്റിയാണ് ഇവര്‍ തുച്ഛമായ വിലയ്ക്ക് ബൈക്ക് വില്‍ക്കുന്നത്. ആഢംബരജീവിതത്തിനും മറ്റും വേണ്ടിയാണ് ബൈക്ക് മോഷ്ടിക്കുന്നതെന്നാണ് പിടിയിലായ പലരും പോലീസിനോട് പറഞ്ഞത്.