ശ്രീകണ്ഠപുരം: മംഗളൂരുവിൽ നിന്ന് വാഹനങ്ങൾ കവർന്ന കേസുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയിൽ. നടുവിൽ പള്ളിത്തട്ട് സ്വദേശിയായ യുവാവിനെയാണ് മംഗളൂരു കദ്രി പോലീസ് സീനിയർ സബ് ഇൻസ്പെക്ടർ നിളു ആർ.വിഡുവിന്റെ നേതൃത്വത്തിൽ ഇന്ന് പുലർച്ചെ കസ്റ്റഡിയിലെടുത്തത്. കവർച്ചാ സംഘത്തിലുൾപ്പെട്ടെ കാഞ്ഞങ്ങാട് സ്വദേശിയായ യുവാവിനെത്തേടി അന്വേഷണ സംഘം ഇന്നലെ രാത്രി ഇവിടെ എത്തിയെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല.
ഇയാൾ ചെന്നൈയിലേക്ക് കടന്നതായാണ് സൂചന. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഒൻപതു പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ തിങ്കളാഴ്ച്ച കസ്റ്റഡിയിലെടുത്ത് മംഗളൂരുവിലേക്ക് കൊണ്ടുപോയ പയ്യാവൂർ, പുലിക്കുരുമ്പ സ്വദേശികളുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. കവർച്ചാസംഘം വില്പന നടത്തിയ 18 ബൈക്കുകൾ കൂടി ചന്ദനക്കാംപാറയിൽ നിന്ന് മംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്തു.
ഒൻപത് ബുള്ളറ്റ്, ഏഴ് ‘ഡ്യൂക്ക് ‘, രണ്ടു കെടിഎം എന്നിവയാണ് കസ്റ്റഡിയിലെടുത്തത്. പ്രതികൾ അറ്റകുറ്റപ്പണിക്കായി എത്തിച്ച ചന്ദനക്കാംപാറയിലെ വർക് ഷോപ്പിൽ നിന്നും പ്രദേശത്ത് വിൽപ്പന നടത്തിയവരിൽ നിന്നുമായാണ് ബൈക്കുകൾ പിടിച്ചെടുത്തത്.
ഒരു വർഷത്തിനിടെ സംഘം കവർന്ന 30 വാഹനങ്ങളിൽ 12 എണ്ണം ഇനിയും കണ്ടെത്താനുണ്ട്. ഇവ ഇരിട്ടി, കാഞ്ഞങ്ങാട് ഭാഗങ്ങളിൽ വില്പന നടത്തിയതായാണ് പോലീസ് നൽകുന്ന സൂചന. ഈ വാഹനങ്ങൾ കസ്റ്റഡിയിലെടുക്കാനും പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. ചന്ദനക്കാംപാറയിൽ നിന്ന് കസ്റ്റഡിയിലെടുത്ത വാഹനങ്ങളുമായി അന്വേഷണ സംഘം ഇന്ന് രാവിലെ മംഗളൂരുവിലേക്ക് മടങ്ങി.