ചെറായി: ഞാറക്കൽ പോലീസ് പട്രോളിംഗിനിടെ പിടികൂടിയി ബൈക്ക് മോഷ്ടാവ് എടവനക്കാട് മുരിപ്പാടം പണ്ടാരപ്പറന്പിൽ ഹരീഷ് -21 നെ ഞാറക്കൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വൈപ്പിൻ പറവൂർ മേഖലയിൽ നിന്നായി 15ഓളം ബൈക്കുകൾ മോഷ്ടിച്ചതായി ഇയാൾ പോലീസിന്റെ ചോദ്യം ചെയ്യലിൽ പറഞ്ഞതായാണ് സൂചന. ഈ സാഹചര്യത്തിൽ പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് അപേക്ഷ നൽകിയിട്ടുണ്ട്.
എങ്കിലും മുഴുവൻ കേസുകളും തെളിയുമോയെന്ന പ്രതീക്ഷ പോലീസിനില്ല. മോഷ്ടിച്ച ബൈക്കുകൾ പലതും പൊളിച്ചു വില്പന നടത്തിയതായാണ് അറിവ്. എടവനക്കാട് അണിയൽ പടിഞ്ഞാറു വശത്തുനിന്നും മോഷ്ടിച്ചെടുത്ത ബൈക്കുമായി ചൊവ്വാഴ്ച പുലർച്ചെ നായരന്പലം ഭാഗത്തുകൂടെ പ്രതി തള്ളിക്കൊണ്ട് പോകുന്നത് പട്രോളിംഗ് സംഘം കണ്ടതിനെ തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുടുങ്ങിയത്.
ചെറായി അല്ല പ്പറന്പിൽ സുകുവിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ബൈക്ക്. ഇതാകട്ടെ സുകുവിന്റെ എടവനക്കാട് അണിയിലുള്ള സുഹൃത്തിന്റെ മകനായ രാഹുൽ എന്ന യുവാവിനു ഉപയോഗിക്കാൻ നൽകിയതായിരുന്നു. രാഹുലിന്റെ വീട്ടു വളപ്പിനടുത്ത് സൂക്ഷിച്ചിരുന്ന ബൈക്ക് രാത്രിമോഷ്ടിച്ചെടുത്തശേഷം താക്കോൽ ഇല്ലാത്തതിനാൽ തള്ളികൊണ്ടു വരുന്നതിനിടയിലാണ് പോലീസ് പിടിയിലായത്. എസ്ഐമാരായ ജോണ്സണ്, ഭഗവൽ ദാസ്, എസ്സിപിഒ ഷാഹിർ, സിപിഒ മിറാഷ്, എന്നിവരാണ് പ്രതിയെ പിടികൂടിയത്.