കൊച്ചി: രൂപമാറ്റം വരുത്തിയും വലിയ ശബ്ദമുണ്ടാക്കിയും അമിതവേഗത്തിൽ ചീറിപ്പാഞ്ഞ് യാത്രക്കാർക്കു ശല്യമുണ്ടാക്കിയിരുന്ന ബൈക്ക് ഉൾപ്പെടെയുള്ള വാഹനങ്ങളെ ഓപ്പറേഷൻ ഫ്രീക്കനിലൂടെ മോട്ടോർ വാഹനവകുപ്പ് പിടികൂടി. പനമ്പിളളിനഗറിലെ വിവിധ റോഡുകളിൽ നടത്തിയ രാത്രികാല പരിശോധനയിലാണ് ഇത്തരത്തിലുള്ള 65 വാഹനങ്ങൾ പിടികൂടിയത്.
10 ലക്ഷം രൂപ വരെ മുടക്കി മോടിപിടിപ്പിച്ച ജീപ്പും ഇക്കൂട്ടത്തിൽപ്പെടുന്നു. പിടികൂടിയ എല്ലാ വാഹനങ്ങൾക്കും പിഴ അടയ്ക്കാൻ നോട്ടീസും നൽകിയശേഷം വിട്ടയച്ചു. രണ്ടു ഷാഡോ സ്ക്വാഡ് ഉൾപ്പെടെ ഏഴു ടീമുകൾ പരിശോധനയിൽ പങ്കെടുത്തു. പരിശോധനയിൽനിന്ന് രക്ഷപ്പെടാൻ ഉൾവഴികളിൽ നിർത്തിയിട്ട വാഹനങ്ങളിൽ സ്ക്വാഡ് നോട്ടീസ് പതിച്ചു. ഈ വാഹനങ്ങൾ രേഖകൾ ഉൾപ്പെടെ അടുത്ത ദിവസം കാക്കനാട് ആർടി ഓഫീസിൽ ഹാജരാക്കിയില്ലെങ്കിൽ തുടർനടപടികളുമായി മുന്നോട്ടു പോകുമെന്ന് എൻഫോഴ്സ്മെന്റ് ആർടിഒ കെ. മനോജ് കുമാർ അറിയിച്ചു.
കൈകാണിച്ചിട്ടും മൂന്നു വാഹനങ്ങൾ നിർത്താതെ പോയതിനെ തുടർന്നു ഉടമകളുടെ വീട്ടിൽ ചെന്ന് കേസെടുത്തു. പരിശോധന കണ്ട് കാര്യം തിരക്കി എത്തിയ നാട്ടുകാർ റോഡിൽ അഭ്യാസം കാണിക്കുന്ന വാഹനങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ നൽകിയിട്ടുണ്ടെന്നും ഇവരെ വരും ദിവസങ്ങളിൽ പിടികൂടുമെന്നും എൻഫോഴ്സ്മെന്റ് ആർടിഒ അറിയിച്ചു. പരിശോധനയ്ക്ക് എംവിഐമാരായ എൻ.കെ. ദീപു, വി.കെ. വൽസൻ, സി.ഡി. അരുൺ, കെ.ജി. ദിലീപ് കുമാർ എന്നിവർ നേതൃത്വം നൽകി.