പോലീസ് പിടിക്കാതിരിക്കാന്‍ വേണ്ടി മാത്രം ഹെല്‍മറ്റ് വയ്ക്കുന്നവരെ ഒന്നിരുത്തി ചിന്തിപ്പിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ബംഗളൂരു പോലീസാണ് ഈ വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. ബൈക്കില്‍ സഞ്ചരിക്കുന്ന ആള് ബസിന്റെ ടയറുകള്‍ക്കിടയിലേക്ക് തെറിച്ചു വീഴുന്നതും അത്ഭുതകരമായി രക്ഷപ്പെടുന്നതുമാണ് വീഡിയോ.
‘നല്ല നിലവാരമുള്ള ഐഎസ്ഐ മാര്‍ക്ക് ഹെല്‍മറ്റ് ജീവന് രക്ഷിക്കുന്നു’ എന്ന അടിക്കുറിപ്പോടെ ബെംഗളൂരു ജോയിന്റ് ട്രാഫിക് കമ്മീഷണര്‍ ബി.ആര്.രവികാന്ത് ഗൗഡയാണ് അപകടത്തിന്റെ സിസിടിവി വീഡിയോ ട്വിറ്ററില്‍ പങ്കിട്ടിരിക്കുന്നത്.
വീഡിയോയില്‍ അപകടത്തില്‍പ്പെടുന്ന ബൈക്ക് യാത്രികന് 19കാരനായ അലക്സ് സില്‍വ പെരസ് ആണെന്ന് തിരിച്ചറിഞ്ഞു.
ഒരു വളവില്‍ എതിര്‍വശത്ത് നിന്ന് വരുന്ന ബസിനടയിലേക്ക് അലക്സും ബൈക്കും തെറിച്ച് വീഴുന്നതാണ് ദൃശ്യം.
ബസിന്റെ ടയറുകള്‍ക്കടയില്‍ അലക്സിന്റെ തല അകപ്പെടുന്നത് കാണാം. എന്നാല്‍ ഹെല്‍മറ്റ് തലയിലുള്ളത് കാരണം അത്ഭുതകരമായി രക്ഷപ്പെട്ടു. ഹെല്‍മറ്റ് ചക്രത്തിനടിയില്‍പ്പെട്ടിരുന്നു.
ഹെല്‍മറ്റിന്റെ പ്രധാന്യം സംബന്ധിച്ച് ബോധവത്കരണത്തിന് ബംഗളൂരു പോലീസ് ഈ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
ബ്രസീലിലെ റിയോ ഡി ജനീറോയിലുള്ള ബെല്‍ഫോര്‍ഡ് റോക്സോയില്‍ തിങ്കളാഴ്ച നടന്ന അപകടമാണിതെന്നാണ് മനസ്സിലാകുന്നത്.
അലക്സിന് അപകടത്തില്‍ വലിയ പരിക്കില്ലെന്ന് ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വീട്ടില്‍ നിന്ന് റൊട്ടി വാങ്ങാന്‍ ബേക്കറിയിലേക്ക് പോകുമ്പോഴാണ് വളവില്‍ ബസ് വരുന്നത് കണ്ടത്. പതറിപ്പോയ ഇയാള്‍ ബൈക്ക് നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും തെന്നി ബസിനടിയില്‍പ്പെടുകയായിരുന്നു.