“ഒന്നുകിൽ ലഹരി… അല്ലെങ്കിൽ മുഴുപ്രാന്ത്”” ഇത്തരം മാനസികാവസ്ഥയിൽ ഉള്ളവർക്കു മാത്രമേ കേരളത്തിലെ റോഡുകളിൽ ഡ്രിഫ്റ്റ്, ബേൺ ഔട്ട്, ഹെഡ് ഡോൺ ക്രാഷ്, ഹാൻഡ് ഡ്രാഗ്, സ്റ്റാന്റപ്പ് വീൽ, ടൈൽ ഡ്രാഗ് തുടങ്ങിയ അഭ്യാസ പ്രകടനങ്ങൾ നടത്താൻ സാധിക്കൂ എന്നാണ് വിദേശ രാജ്യങ്ങളിലെ ഇത്തരം പ്രകടനങ്ങൾ ആസ്വദിച്ചിട്ടുള്ള യുവാക്കൾ തന്നെ പറയുന്നത്.
വിദേശ രാജ്യങ്ങളിൽ ഇത്തരം അഭ്യാസ പ്രകടനം നടക്കുന്നത് പ്രത്യേകം സജ്ജമാക്കിയ ഗ്രൗണ്ടുകളിലാണ്. കാണികൾ ഇരിക്കുന്നതും അതീവ സുരക്ഷ മേഖലയിലാണ്. അപകടം സംഭവിച്ചാലും രക്ഷാ പ്രവർത്തനത്തിനു നൂതന സാങ്കേതിക വിദ്യകളും അവിടെയുണ്ട്.
റോക്കറ്റ് പോലെ ആകാശത്തേക്ക്
“അഭ്യാസക്കാർ റോക്കറ്റ് പോലെ ആകാശത്തേക്കുയരും . അതു പോലെ തന്നെ പാതാളത്തിലേക്കു താഴും. ഹരമാണ് സാറേ””.ഇതെല്ലാം പേരു പറയരുതെന്ന ഉറപ്പിൽ പറഞ്ഞ ഒരു അഭ്യാസ പ്രകടനക്കാരന്റെ വാക്കുകളാണ്.
നല്ല സ്പീഡിൽ ഓടിച്ചെത്തുന്ന വാഹനം സഡൺ ബ്രേക്കിട്ട് 90 ഡിഗ്രിയിൽ തിരിക്കുക, ബാക്ക് വീൽ ഉയർത്തി റോക്കറ്റ് പോലെ സഞ്ചരിക്കുക, ബൈക്കിന്റെ മുൻ ഭാഗം പിടിച്ചു ബൈക്ക് ഉയർത്തി പാതാളത്തിലേക്ക് താഴുക.
കാർട്ടൂൺ സ്റ്റോപ്പിൾ നമ്മളെ സ്വപ്ന ലോകത്ത് എത്തിക്കും. ബൈക്കിന്റെ ഹാൻഡിൽ സ്റ്റീൽ റാഡിൽ കുത്തിനിന്നുള്ള ടൈൽ ഡ്രാഗ് ഒരു സംഭവം തന്നെയാണ്.
സീറ്റിന്റെ മുകളിൽ കയറി നിന്നുള്ള സ്റ്റാന്റപ്പ് വീൽ… അയ്യോ…. കുതിരപ്പുറത്തിരിക്കുന്ന ഫീലാണ്. സാറേ അതൊരനുഭവം തന്നെയാണ്. – യുവാവ് വാചാലനായി.
മരണ സമ്മാനം
ഇന്നു കേരളത്തിലെ യുവാക്കൾക്കു ഹരമായി മാറിയിട്ടുള്ള ലക്ഷങ്ങൾ വിലയുള്ള പല ആഡംബര ബൈക്കുകളും നമ്മുടെ റോഡുകൾക്കു യോജിച്ചതല്ലെന്നു വിദഗ്ധർ പല തവണ വ്യക്തമാക്കിയിട്ടുണ്ട്.
സിംഗിൾ യൂസർ വാഹനങ്ങളാണ് അവയെല്ലാം. അത്തരം ബൈക്കുകളിൽ രണ്ടു പേർ സഞ്ചരിച്ചാൽ അപകടം ഉറപ്പാണ്. മക്കളോടുള്ള സ്നേഹം മൂത്തു രക്ഷിതാക്കൾ മക്കൾക്കു സമ്മാനിക്കുന്നത് മരണ വണ്ടികളാണെന്ന് അവർ അറിയുന്നില്ല.
യു ട്യൂബർമാരും ഓൺലൈൻ ഗെയിമുകളും ഈ അഭ്യാസ പ്രകടനങ്ങളിലേക്കു യുവാക്കളെ ആകർഷിക്കുന്നു. മലയോരത്തെ ഒരു യു ട്യൂബർ ആഡംബര കാറിൽ അമിത വേഗത്തിൽ സഞ്ചരിച്ചതു നവമാധ്യമങ്ങളിൽ വൈറലായിരുന്നു.
യുവതലമുറയിലെ നല്ലൊരു വിഭാഗത്തിന് ഈ യൂട്യൂബർമാരാണ് റോൾ മോഡലുകൾ. നിയമത്തെ വെല്ലുവിളിച്ചു നവമാധ്യങ്ങളിൽ റേറ്റിംഗ് ഉയർത്താൻ ശ്രമിച്ച് ഇത്തരക്കാർ നൽകുന്ന സന്ദേശവും അപകടകരമാണ്.
ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള ഇത്തരക്കാർ പഴയ വാഹനങ്ങൾ എടുത്ത് ഒാൾട്രേഷൻ നടത്തി കാട്ടിക്കൂട്ടുന്ന അഭ്യാസങ്ങൾ എല്ലാ അതിരും ലംഘിക്കും.
(തുടരും).