ചങ്ങനാശേരി: കോവിഡ് മാനദണ്ഡങ്ങൾക്ക് പുല്ലുവില. ന്യൂജെൻ ബൈക്കുകൾ മിന്നൽ വേഗത്തിൽ പായുന്നു.യുവാക്കളുടെ റേസിംഗ് വിനോദത്തിൽ ഇന്നലെ ചങ്ങാനാശേരിയിൽ പൊലിഞ്ഞതു മൂന്നു ജീവനുകളാണ്.
ഏതാനും ദിവസങ്ങൾക്കു മുന്പ് തലശേരിയിൽ പെരുന്നാളിന്റെ ആഘോഷ തിമിർപ്പിൽ ആഡംബര കാറിൽ യുവാക്കൾ നടുറോഡിൽ നടത്തിയ ആഭ്യാസ പ്രകടനത്തിൽ ബിടെക് വിദ്യാർഥി കൊല്ലപ്പെട്ടിരുന്നു. ഓൾട്ടറേഷൻ ചെയ്യുന്ന ആഡംബര വാഹനങ്ങളിൽ ഡ്രിഫ്റ്റും ബേണ് ഒൗട്ടും ഉൾപ്പെടെയുള്ള ആഭ്യാസ പ്രകടനങ്ങൾ ഹരമാക്കി മാറ്റിയ സംഘങ്ങൾ സജീവമാണ്.
തിരക്ക് കുറഞ്ഞ ബൈപ്പാസ് റോഡുകളാണ് മാഫിയ സംഘങ്ങൾ റേസിംഗ് വിനോദങ്ങൾക്കു തെരഞ്ഞെടുക്കുന്നത്. പലപ്പോഴും വൻതുക പന്തയം പിടിച്ചു റേസിംഗ് വിനോദങ്ങളിൽ ഏർപ്പെടുന്ന സംഘങ്ങളുണ്ട്. റേസിംഗ് നടത്തുന്ന സംഘങ്ങൾ ഇതിന്റെ വീഡിയോ സോഷ്യ ൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുമുണ്ട്.
പല യുവാക്കളും ഇത്തരം വീഡിയോകൾ കണ്ടും റേസിംഗ് സംഘത്തിനൊപ്പം ചേരുന്നുണ്ട്.റേസിംഗ് സംഘങ്ങളെ പോലീസും മോട്ടോർ വാഹന വകുപ്പുകൾ ഗൗനിക്കുന്നില്ലെന്നും പരാതിയുണ്ട്. പരിശോധന നടക്കുന്നുണ്ടെങ്കിലും അമിത വേഗത്തിലോടുന്ന ഫ്രീക്കന്മാർ രക്ഷപ്പെടുകയാണ് പതിവ്.
സാധാരണ വാഹന സഞ്ചാരികൾക്ക് ആയിരം മുതൽ അയ്യായിരം രൂപവരെ പോലീസും മോട്ടോർ വാഹന വകുപ്പും പിഴ ഈടാക്കാറുണ്ടെങ്കിലും ന്യൂജെൻ ബൈക്കുകൾ കണ്ണിൽ പൊടിയിട്ടു രക്ഷപ്പെടുകയാണ് പതിവ്.
എംസി റോഡിലും ചങ്ങനാശേരി ബൈപാസ് റോഡിലും ഈരയിൽക്കടവിലും ന്യൂജെൻ ബൈക്കിൽ അഭ്യാസ പ്രകടനങ്ങൾ പതിവാണെന്ന പരാതി വ്യാപകമാണെങ്കിലും അധികൃതർ കാര്യമായ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.