ചെറുതോണി: മൊബൈൽ ഫോണിൽ ഫെയ്സ് ബുക്ക് ലൈവ് ചെയ്ത് ഇരുചക്ര വാഹനം ഓടിച്ച ഇടുക്കി സ്വദേശിയെ ഇടുക്കി മോട്ടോർ വാഹന വകുപ്പ് പിടികൂടി. ഇടുക്കി നായരുപാറ സ്വദേശി പുത്തൻപുരയിൽ പി.ആർ. വിഷ്ണുവിനെയാണ് പിടികൂടിയത്.
ഇയാളുടെ ലൈസൻസ് മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്തു. കൂടാതെ ഐഡിടിആർ ട്രെയിനിംഗിനു വിടാനും ഇടുക്കി ആർടിഒ ആർ. രമണൻ ഉത്തരവിട്ടു. ഇത്തരമൊരു സംഭവം സംസ്ഥാനത്തുതന്നെ ആദ്യമാണെന്നും ആർടിഒ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഇയാൾ സ്വന്തം എൻഫീൽഡ് മോട്ടോർ ബൈക്കിൽ ഇടുക്കി – തൊടുപുഴ സംസ്ഥാന പാതയിൽ ചെറുതോണിയിൽനിന്നു പൈനാവിലേക്ക് മൊബൈൽ ഫോണിൽ സോഷ്യൽ മീഡിയ ലൈവ് ഇട്ട് വാഹനം ഓടിച്ചത്.
ഷാജി പാപ്പൻ എന്ന ഫേസ് ബുക്ക് പേജിലൂടെയാണ് ലൈവ് പുറത്തുവിട്ടത്.
ഇതു ശ്രദ്ധയിൽപ്പെട്ട ഇടുക്കി ആർടിഒ ആർ. രമണൻ വിഷ്ണുവിനെ വിളിച്ചുവരുത്തി നടപടി എടുക്കുകയായിരുന്നു.