കോഴിക്കോട്: മോട്ടോര്‍സൈക്കിളില്‍ പറക്കുന്ന ഡ്രൈവര്‍മാരുടെ രാജ്യാന്തര സംഘടനകളില്‍ പ്രധാനപ്പെട്ട അയണ്‍ബട്ട് അസോസിയേഷനില്‍ (ഐബിഐ) അംഗളായ മലയാളികളെ കുറിച്ച് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നു. ഐബിഐയുടെ ഓണ്‍ലൈന്‍ ബൈക്ക് റൈഡിംഗ് ചാലഞ്ചിനിടെ ഒറ്റപ്പാലം സ്വദേശിയായ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി മിഥുന്‍ഘോഷ് മരിച്ച സംഭവത്തിനെ തുടര്‍ന്നാണ് അസോസിയേഷനിലെ മലയാളികള്‍ ആരെല്ലാമാണെന്നതിനെ കുറിച്ച് രഹസ്യാന്വേഷണവിഭാഗം അന്വേഷിക്കുന്നത്.
1624 കിലോമീറ്റര്‍ 22 മണിക്കൂർകൊണ്ടു പൂര്‍ത്തിയാക്കുന്ന ചാലഞ്ചിനിടെയാണ് പൂന -ബംഗളൂരു ഹൈവേയിലെ ചിത്രദുര്‍ഗയില്‍ വച്ച് മിഥുന്ഘോഷിന്റെ ബൈക്ക് ലോറിയിലിടിച്ച് അപകടമുണ്ടായത്. സംസ്ഥാനത്ത് വാഹാനാപകടങ്ങളില്‍ കൂടുതല്‍ പേര് മരിക്കുന്നത് ബൈക്ക് അപകടത്തിലാണ്. യുവാക്കളാണ് ഇത്തരത്തില്‍ കൂടുതലായും അപകടത്തില്‍പെടുന്നത്.
ഈ സാഹചര്യത്തിലാണു ചലഞ്ചുകള്‍ പൂര്‍ത്തിയാക്കുന്നതിനിടെ ആരെങ്കിലും മരിച്ചിട്ടുണ്ടോയെന്നത് പരിശോധിക്കുന്നത്. സംസ്ഥാനത്തിനു പുറത്ത് പഠിക്കുന്ന യുവാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. മരിച്ച മിഥുന്ഘോഷിന്റെ സഹപാഠികളില്‍ ചിലര്‍ ഇത്തരത്തിലുള്ള ബൈക്ക് റൈഡിംഗ് ചാലഞ്ച് നടത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ ബൈക്ക് റൈഡിംഗ് നടത്തുന്ന യുവാക്കളെ കണ്ടെത്താന്‍ ഹൈടെക്ക് സെല്ലും അന്വേഷണം ആരംഭിച്ചതായാണ് വിവരം.
ഐബിഐയുടെ വെബ്സൈറ്റുകളും മറ്റും പിന്തുടരുന്നവരെ ഹൈടെക് സെല്‍ അന്വേഷണത്തിലൂടെ കണ്ടെത്താന്‍ സാധിക്കും. ഇതു വഴി സംസ്ഥാനത്ത് ഐബിഐ ബൈക്ക് റൈഡിംഗ് ചാലഞ്ച് നടക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ സാധിക്കുമെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ വെളിപ്പെടുത്തി. അതേസമയം ചാലഞ്ച് റൈഡിംഗിന് കേരളത്തിലും ആരാധകരേറെയുണ്ടെന്നാണ് പോലീസും ഇന്റലിജന്‍സും വ്യക്തമാക്കുന്നത്. സാഹസികയാത്രകള്‍ നടത്തുന്നതിന്റെ ഫോട്ടോയും വീഡിയോയും സഹിതമാണ് ബൈക്ക് റൈഡിംഗിനോടു താത്പര്യമുള്ളവരെ അസോസിയേഷന് ആകര്‍ഷിക്കുന്നത്.
നിര്‍ദേശങ്ങള്‍ ശ്രമകരമായി പൂര്‍ത്തീകരിക്കുന്ന യുവാക്കളെയാണ് അസോസിയേഷനില്‍ അംഗങ്ങളാക്കുന്നത്. നിരവധി കടമ്പകള്‍ കടന്നാണ് ഒരു റൈഡര്‍ക്ക് ഐബിഐയില് അംഗമാവാന്‍ സാധിക്കുന്നത്. സുരക്ഷിതവും ദീര്‍ഘവുമായ റൈഡിംഗിനായി സ്വയം സമര്‍പ്പിച്ചവരായിരിക്കണം അംഗങ്ങളെന്നാണ് അസോസിയേഷന് പറയുന്നത്. അസോസിയേഷന് നല്കുന്ന സാക്ഷ്യപത്രവും വെബ്സൈറ്റിലെ പട്ടികയില്‍ പേര് രേഖപ്പെടുത്തുമെന്നതും പ്രതീക്ഷിച്ചുകൊണ്ടാണ് യുവാക്കള്‍ ഇത്തരത്തില്‍ ചാലഞ്ച് ഏറ്റെടുക്കുന്നത്. ഇ-മെയില്‍ മുഖാന്തരമാണ് അയേണ്‍ ബട്ട് അസോസിയേഷനുമായി റൈഡര്‍മാര്‍ ബന്ധപ്പെടുന്നത്.
ഏതെങ്കിലും ഒരു പെട്രോള്‍ പമ്പില്‍നിന്ന് സമയവും സ്ഥലവും വ്യക്തമാകുന്ന രീതിയിലുള്ള ബില്ല് വാങ്ങിയാണ് ചലഞ്ച് ആരംഭിക്കുന്നത്. റൈഡ് ആരംഭിക്കുന്നതിനു മുമ്പ് ഏതെങ്കിലും ഒരു സാക്ഷിയുടെ വിവരങ്ങള്‍ സഹിതം അസോസിയേഷനെ അറിയിക്കണം. റൈഡ് നടത്തിയെന്നതിനു പോകുന്ന വഴിയില്‍നിന്നെല്ലാം വിവിധ ബില്ലുകള്‍ ശേഖരിക്കണം.
ചലഞ്ചിലുള്ള ദൂരം പിന്നിട്ട് വീണ്ടും പെട്രോള്‍ പമ്പില്‍നിന്ന് ബില്ല് ശേഖരിച്ച് സൈറ്റിലുള്ള അപേക്ഷാഫോമിനൊപ്പം അയച്ചുനല്‍കിയാണ് റൈഡ് പൂര്‍ത്തീകരിച്ചതായി അറിയിക്കേണ്ടത്. റൈഡിംഗിനിടയിലെ വിശ്രമത്തിനെടുക്കുന്ന സമയം പോലും ചലഞ്ചായി സ്വീകരിക്കുന്നുണ്ട്. അഞ്ചുതരത്തിലുള്ള ചലഞ്ചുകളാണ് അസോസിയേഷന് നടത്തുന്നത്.
1600 കിലോമീറ്റര്‍ 24 മണിക്കൂറിനകം സഞ്ചരിക്കുന്ന സാഡില്സോര്, 1500 മൈല്‍ 36 മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ട ബണ്‍ ബര്‍ണര്‍, 1500 മൈല്‍ ദൂരം 30 മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ട ബണ്ബര്ണര് സില്‍വര്‍, 36 മണിക്കൂറിനുള്ളില്‍ 2500 കിലോമീറ്റര്‍ പൂര്‍ത്തിയാക്കേണ്ട മറ്റൊരു വിഭാഗം, 30 മണിക്കൂറിനുള്ളില്‍ 2500 കിലോമീറ്റര്‍ പൂര്‍ത്തിയാക്കേണ്ട ഗെയിം എന്നിങ്ങനെയാണ് സൈറ്റിലുള്ള ചലഞ്ചുകള്‍. അസോസിയേഷന് വര്‍ഷത്തില്‍ അയണ്‍ ബട്ട് റാലിയും സംഘടിപ്പിക്കുന്നുണ്ട്.
11,000 മൈല്‍ റൈഡാണ് റാലി. റാലിയില്‍ പങ്കെടുക്കുന്നതിന് 24 മണിക്കുറിനുള്ളില്‍ സാഡില്സോര് എന്ന 1000 മൈല്‍ റൈഡ് പൂര്‍ത്തിയാക്കണം. അല്ലെങ്കില്‍ ബണ്ബര്ണര് 1500 പൂര്‍ത്തിയാക്കണം. 1984 -ല്‍ അമേരിക്കയിലെ ചിക്കോഗോവില്‍ രൂപം കൊണ്ട അസോസിയേഷനില്‍ നിലവില്‍ 60000 ലധികം അംഗങ്ങളുള്ളതായി ഇവരുടെ വെബ്സൈറ്റില്‍ പറയുന്നു. ലോകത്തെ പരുക്കന്മാരായ റൈഡേഴ്സ് എന്ന് സ്വയം വിശേഷിപ്പിക്കുന്നവരാണ് അസോസിയേഷന് അംഗങ്ങള്‍.