കോഴിക്കോട് : നഗര വീഥികളില്‍ ഭീതിപരത്തിയുള്ള റേസിങ്ങിനെതിരേ കര്‍ശന നടപടിയുമായി പോലീസ്. നഗരത്തില്‍ അസമയത്തുള്ള ബൈക്ക് റേസിങ്ങ് അനുവദിക്കില്ലെന്നും ഇതുസംബന്ധിച്ചു പോലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സിറ്റി പോലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജ്ജ് ‘രാഷ്ട്ര ദീപിക’യോട് പറഞ്ഞു. ‘രാഷ്ട്രദീപിക’ വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.
ഇന്നലെ മാത്രം മൂന്നു ബൈക്കുകളാണ് പോലീസ് പിടികൂടിയത്. ഇതില്‍ രണ്ടു ബൈക്കുകളിലായുള്ള യുവാക്കളെ പോലീസ് പിടികൂടി. ഒരു ബൈക്കിലെ യുവാവ് രക്ഷപ്പെട്ടു. അതേസമയം ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. കസബ, ടൗണ്‍, കണ്ട്രോള് റൂം പോലീസ് സംയുക്തമായാണ് പരിശോധന നടത്തിയത്. പിടികൂടിയവരുടെ ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍വാഹനവകുപ്പിനോട് പോലീസ് ശിപാര്‍ശ ചെയ്യും.
കൂടാതെ പിടിയിലായ യുവാക്കളെ എടപ്പാളിലെ മോട്ടോര്‍വാഹനവകുപ്പിന്റെ ബോധവത്കരണ ക്ലാസില്‍ പങ്കെടുപ്പിക്കും. ഓടിച്ചവർക്കെതിരെ കേസെടുത്ത് , പിടികൂടിയ ബൈക്കുകൾ കോടതിയിൽ ഹാജരാക്കും.വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമായി തുടരുമെന്നും കമ്മീഷണര്‍ അറിയിച്ചു. മാവൂര്‍റോഡ്, മാനാഞ്ചിറ പരിസരം, മുതലക്കുളം പാളയം റോഡ്,ബീച്ച് എന്നിവിടങ്ങളിലാണ് മയക്കുമരുന്ന് ലഹരിയില്‍ ഒരുകൂട്ടം യുവാക്കള്‍ ബൈക്ക് റേസിംഗുമായി എത്തുന്നത്.
ട്രാന്‍സ്ജെന്‍ഡര്‍മാരെ കേന്ദ്രീകരിച്ച് എത്തുന്ന യുവാക്കള്‍ നാട്ടുകാരേയും പോലീസിനേയും വരെ ഭീഷണിപ്പെടുത്തുന്നുണ്ട്. വാഹനങ്ങളുടെ നമ്പര്‍പ്ളേറ്റ് മറച്ചുവെച്ചാണ് ഇവരുടെ അഴിഞ്ഞാട്ടം. ഭീതിസൃഷ്ടിച്ചുകൊണ്ട് വലിയ ശബ്ദത്തോടെയാണ് വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവാക്കള്‍ രാത്രിയില്‍ നഗരത്തിലൊത്തു ചേരുന്നത്. പിന്നീട് ഒരുമിച്ച് ബൈക്കില്‍ നഗരപ്രദക്ഷിണത്തിനിറങ്ങുകയാണ് ചെയ്യുന്നത്.
ബൈക്കുകളുടെ മുന്‍ഭാഗത്തെ നമ്പര്‍ പ്ളേറ്റ് അഴിച്ചുമാറ്റിയും, പിന്നിലെ നമ്പര്‍ പ്ളേറ്റ് ചളിതേച്ച് വികൃതപ്പെടുത്തിയുമാണ് റേസിങ്ങ്. രാത്രിയും മറ്റും കുടുംബവുമായി നഗരത്തിലെത്തുന്നവര്‍ക്ക് പലപ്പോഴും ഇത്തരത്തിലുള്ള സംഘങ്ങള്‍ പലയിടത്തും ഭീഷണിയായി മാറുകയാണ്. വ്യാഴാഴ്ച പുലര്‍ച്ചെയും നാലു യുവാക്കളെ കസബ പോലീസ് പിടികൂടിയിരുന്നു.