കോഴിക്കോട്: നഗരവീഥികളില്‍ ഭീതിപരത്തി ബൈക്ക് റേസിംഗുമായി യുവാക്കള്‍ അഴിഞ്ഞാടുന്നു . മാവൂര്‍റോഡ്, മാനാഞ്ചിറ പരിസരം, മുതലക്കുളം -പാളയം റോഡ്,ബീച്ച് എന്നിവിടങ്ങളിലാണ് മയക്കുമരുന്ന് ലഹരിയില്‍ ഒരുകൂട്ടം യുവാക്കള്‍ ബൈക്ക് റേസിംഗുമായി നഗരത്തിന്റെ സമാധാനം തകർക്കുന്നത്. ട്രാന്‍സ്ജെന്‍ഡര്‍മാരെ കേന്ദ്രീകരിച്ച് എത്തുന്ന യുവാക്കള്‍ നാട്ടുകാരേയും പോലീസിനേയും വരെ “ഭീഷണി’പ്പെടുത്തുന്നതായി പോലീസ് ചൂണ്ടിക്കാട്ടുന്നു.
വാഹനങ്ങളുടെ നന്പർപ്ലേറ്റ് മറച്ചുവെച്ചാണ് ഇവരുടെ അഴിഞ്ഞാട്ടം. ഭീതി സൃഷ്ടിച്ചുകൊണ്ട് വലിയ ശബ്ദത്തോടെയാണ് വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവാക്കള്‍ അര്‍ധരാത്രിയോടെ നഗരത്തിലൊത്തു ചേരുന്നത്. പിന്നീട് ഒരുമിച്ച് ബൈക്കില്‍ നഗരപ്രദക്ഷിണത്തിനിറങ്ങുകയാണ് ചെയ്യുന്നത്. ബൈക്കുകളുടെ മുൻഭാഗത്തെ നന്പർ പ്ലേറ്റ് അഴിച്ചുമാറ്റിയും, പിന്നിലെ നന്പർപ്ലേറ്റ് ചളിതേച്ച് വികൃതപ്പെടുത്തിയുമാണ് റേസിംഗ്. 11 മുതല്‍ പുലര്‍ച്ചെ മൂന്നുവരെയാണിവരുടെ വിളയാട്ടം.
ഏതാനും ദിവസമായി ഇത്തരത്തിലുള്ള സംഭവങ്ങള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശ്രദ്ധയില്‍പെട്ടതോടെ നാട്ടുകാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. രാത്രി പരിശോധനയ്ക്കായുള്ള പോലീസ് ഇത്തരത്തില്‍ ബൈക്കിലെത്തുന്ന യുവാക്കളെ കഴിഞ്ഞ ദിവസം നേരിട്ട് കണ്ടു. അടുത്തെത്തിയ പോലീസിനെ വെല്ലുവിളിച്ചുകൊണ്ട് യുവാക്കളുടെ സംഘം റേസിംഗ് തുടരുകയായിരുന്നു. നാട്ടുകാരേയും പോലീസിനേയുംവരെ പരസ്യമായി തെറിവിളിച്ചുകൊണ്ടാണ് യുവാക്കള്‍ ബൈക്ക് ഓടിക്കുന്നത്. പോലീസ് ഇവരെ പിന്തുടരുമ്പോഴേക്കും നഗരത്തിന്റെ ഊടുവഴികളിലേക്ക് ബൈക്ക് ഓടിച്ച് രക്ഷപ്പെടുകയാണ് ചെയ്യുന്നത്.
കഴിഞ്ഞ ദിവസം നാലു യുവാക്കളെ കസബ പോലീസ് പിടികൂടിയിട്ടുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പെരുന്നാളാഘോഷവുമായി ബന്ധപ്പെട്ടാണ് ബൈക്കിലെത്തുന്നതെന്നാണ് ഇവര്‍ പോലീസിനോട് പറയുന്നത്. ഇക്കാര്യം പോലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. കാസര്‍ഗോഡ് ജില്ലയില്‍ സമാനമായ രീതിയില്‍ ബൈക്കിലെത്തുന്ന സംഘം സമാധാനന്തരീക്ഷം തകര്‍ക്കുന്നതില്‍ വരെ എത്തിയിരുന്നു.
സംഘടിതമായാണ് യുവാക്കള്‍ എത്തുന്നതെന്ന കാരണങ്ങളാല്‍ ഗൗരവത്തോടെയാണ് പോലീസ് ഇതിനെ കാണുന്നത്. മയക്കുമരുന്ന് മാഫിയയുമായി അടുത്ത ബന്ധമുള്ളവരാണ് ഈ യുവാക്കളെന്നാണ് പോലീസ് പറയുന്നത്. രാത്രിയും മറ്റും കുടുംബവുമായി നഗരത്തിലെത്തുന്നവര്‍ക്ക് പലപ്പോഴും ഇത്തരത്തിലുള്ള സംഘങ്ങൾ പലയിടത്തും ഭീഷണിയായി മാറുകയാണ്. ലഹരിയില്‍ ഇവര്‍ സമനില തെറ്റിയാണ് പെരുമാറുക.
ഇത്തരം സാഹചര്യത്തില്‍ രാത്രിയില്‍ പട്രോളിംഗ് കൂടുതല്‍ ഊര്‍ജ്ജിതമാക്കാനാണ് പോലീസ് തീരുമാനിച്ചത്. യുവാക്കള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് മാഫിയയെ കുറിച്ചും പോലീസ് അന്വേഷിച്ചുവരികയാണ്. നാലു വര്‍ഷം മുമ്പ് പെരുന്നാള്‍ ദിനത്തില്‍ ബൈക്ക് റേസിംഗുമായി ബീച്ചിലെത്തിയ നൂറോളം യുവാക്കള്‍ പോലീസിനെ കല്ലെറിഞ്ഞ് വാഹനത്തില്‍ ബന്ദിയാക്കിയത് ഏറെ ചര്‍ച്ചയായിരുന്നു.
അന്ന് പോലീസിന്റെ പേരുകേട്ട സ്ട്രെക്കിങ് ഫോഴ്സ് സേനാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇരുമ്പു ഗ്രില്ലിട്ട വാഹനത്തില്‍ ഒളിച്ചിരിക്കേണ്ട അവസ്ഥയുണ്ടായി. രാത്രി പതിനൊന്നോടെ കോഴിക്കോട് ബീച്ചില്‍ തയാറാക്കിയ ഈദ്ഗാഹിനു സമീപമായിരുന്നു സംഭവം. ഈദ്ഗാഹിനു സുരക്ഷയൊരുക്കാന്‍ നിയുക്തരായ പോലീസുകാര്‍ക്ക് നേരെയായിരുന്നു ഈ സംഘം തിരിഞ്ഞത്. ബീച്ച് റോഡില്‍ ബൈക്ക് റേസിംഗിനു നിരോധനമുണ്ടായിട്ടും കല്ലേറു പേടിച്ച് പോലീസ് നടപടിക്കു തയാറായിരുന്നില്ല.
കല്ലേറിനിടെ സ്ഥലത്തെത്തിയ പോലീസിന്റെ ടാങ്കോ പാര്‍ട്ടി ഒരുതവണ അക്രമികളെ വിരട്ടിയോടിച്ചു. എന്നിട്ടും വാഹനത്തിലുള്ളവര്‍ പുറത്തിറങ്ങാന്‍ ധൈര്യം കാട്ടിയില്ല. ടാങ്കോ പാര്‍ട്ടി പോയതിനു പിന്നാലെ അക്രമികള്‍ കല്ലേറു തുടരുകയും ചെയ്തു. അന്ന് ഈദ്ഗാഹ് നടക്കേണ്ട സ്ഥലത്തു നടപടിയെടുത്താല്‍ വിവാദമാകാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ടാണ് പോലീസ് നടപടിയെടുക്കാതിരുന്നത്. സമാനമായ സംഭവമാണ് ഇപ്പോള്‍ നഗരത്തില്‍ തുടര്‍ന്നു വരുന്നത്. ഇതിനുപിന്നിൽ ചില വർഗീയശക്തികളുടെ ഒത്താശയുണ്ടെന്ന് പോലീസ് സംശയിക്കുന്നു.