കൊല്ലം: രൂപമാറ്റം വരുത്തിയ ബൈക്കിൽ ലൈസൻസും ഹെൽമെറ്റും സൈഡ് മിററും ഇല്ലാതെ പാഞ്ഞ യുവതിക്ക് 20,500 രൂപ പിഴ. പുന്തലത്താഴം സ്വദേശിനിക്കാണ് മോട്ടോർ വെഹിക്കിൾ എൻഫോഴ്സ്മെന്റ് വിഭാഗം വീട്ടിലെത്തി 20,500 രൂപ പിഴ അടയ്ക്കാൻ നോട്ടീസ് നൽകിയത്.
രൂപമാറ്റം വരുത്തിയ ബൈക്ക് പെൺകുട്ടി ഓടിക്കുന്ന ദൃശ്യം സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. മഞ്ഞനിറമടിച്ച ബൈക്കിന് സൈഡ് മിററും ഇല്ലായിരുന്നു. ഇത് പരാതിയായി മോട്ടോർവാഹന വകുപ്പിനു ലഭിച്ചതോടെയാണ് നടപടിയെടുക്കാൻ എൻഫോഴ്സ്മെന്റ് വിഭാഗം ആർടിഒ ഡി മഹേഷ് നിർദേശിച്ചത്.
പെൺകുട്ടിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനും ശുപാർശ നൽകി. ഗിയർ ഇല്ലാത്ത സ്കൂട്ടർ ഓടിക്കാനുള്ള ലൈസൻസാണ് പെൺകുട്ടിക്ക് ഉണ്ടായിരുന്നതെന്നു പരിശോധനയിൽ കണ്ടെത്തി.
ഈ ലൈസൻസ് ഉപയോഗിച്ച് ഗിയറുള്ള ബൈക്ക് ഓടിച്ചതിന് 10,000 രൂപയും ബൈക്ക് രൂപമാറ്റം വരുത്തിയതിന് 10,000 രൂപയും ഹെൽമെറ്റ് ഇല്ലാത്തതിന് 500 രൂപയും ഉൾപ്പെടെയാണ് പിഴ. എംവിഐ സുമോദ് സഹദേവൻ, എഎംവിഐമാരായ എസ് ബിനോജ്, എസ് യു അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.