ബൈക്കിൽ സ്റ്റണ്ട് നടത്തുന്നത് യുവാക്കളാണെന്നാണ് പൊതുവേയുള്ള ധാരണ. എന്നാൽ ആ ചിന്തയും പൊളിച്ചെഴുതിയിരിക്കുകയാണ് ഒരു യുവതി. പഞ്ചാബിലെ ചണ്ഡിഗഡിലാണ് യുവാക്കളിൽ അന്പരപ്പുളവാക്കുന്ന തരത്തിൽ യുവതി നടുറോഡിൽ അഭ്യാസം കാണിച്ചത്.
ജലന്ധർ സ്വദേശിനി രവീന്ദർ കൗർ എന്ന യുവതിയാണ് എഴുന്നേറ്റു നിന്നും കിടന്നുമെല്ലാം ബൈക്കോടിച്ച് കാണികളുടെ കണ്ണുമിഴിപ്പിപ്പിച്ചത്. പക്ഷെ കുറച്ചു കഴിഞ്ഞ് യുവതിയെ കാത്ത് 3000 രൂപയുടെ സമ്മാനം വന്നു. സുരക്ഷ ഉപകരണങ്ങളും ഹെൽമെറ്റുമില്ലാതെ ബൈക്കോടിച്ചതിന് പോലീസിന്റെ വക പിഴയായിരുന്നു സമ്മാനമായി ലഭിച്ചത്.
ഇവർ അഭ്യാസം കാണിക്കുന്പോൾ സമീപത്തുകൂടി പോയ വാഹനത്തിലെ യാത്രികനാണ് ഇത് കാമറയിൽ പകർത്തി സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. തുടർന്ന് വൈറലായ വിഡിയോയുടെ അടിസ്ഥാനത്തിലാണ് യുവതിക്കെതിരെ പോലീസ് നടപടി സ്വീകരിച്ചത്. പൊതുനിരത്തുകളിൽ അഭ്യാസം കാണിക്കുന്നത് നിർത്തിയെന്നും പോലീസിന്റെ നിർദേശ പ്രകാരം ബൈക്കിന്റെ നിറം മാറ്റിയന്നുമാണ് യുവതി പറയുന്നത്.