വൈക്കം: ഹൈദരാബാദിൽനിന്നു കന്യാകുമാരിയിലേക്കും അവിടെനിന്നു കാശ്മീരിലേയ്ക്കും തനിച്ച് ബൈക്കിൽ സഞ്ചരിച്ച് മലയാളിയായ മോഹിനിയാട്ടം നർത്തകി ധീരതയുടെ പര്യായമായി. ഹൈദരാബാദിൽ സ്ഥിരതാമസമാക്കിയ അനിത പീറ്ററാ (44)ണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എട്ടു ലക്ഷം രൂപ വിലവരുന്ന ബൈക്കിൽ ഒരു ചെറിയ ബാഗിലൊതുങ്ങുന്ന വസ്തുക്കളുമായി യാത്രചെയ്ത് കേരളത്തിൽ എത്തിച്ചേർന്നത്.
എറണാകുളം കൊട്ടുപള്ളിൽ തോമസ്-സാറാമ്മ ദന്പതികളുടെ മകളായ അനിത ലീഡർഷിപ്പ് ഡവലപ്മെന്റ് ട്രെയിനർകൂടിയാണ്. ജോലിക്കിടയിലും അനിതയ്ക്ക് നൃത്തത്തോട് അഗാധ പ്രണയമാണ്. ലാസ്യം ദ്രുത എന്ന പേരിൽ അനിത രൂപീകരിച്ച നൃത്ത സംഘം, മനുഷ്യക്കടത്തിന് ഇരകളാക്കപ്പെട്ടവരെ ഉൾപ്പെടുത്തി അവതരിപ്പിച്ച ശക്തിയെന്ന ബാലെ ഏറെ പ്രേക്ഷക പ്രശംസ നേടി. ശക്തി കൂടുതൽ വേദികളിൽ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അനിത.
ഭരണകർത്താക്കളായിവരെ സ്ത്രീകൾ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതിനാൽ സ്ത്രീ ശക്തീകരണമെന്ന പ്രയോഗംതന്നെ തേഞ്ഞു പോയതാണെന്ന് അനിത പറയുന്നു.
പിതാവ് തോമസിന്റെ 80-ാം പിറന്നാൾ ആഘോഷിക്കാനാണ് കാഷ്മീരിൽ നിന്നുള്ള മടക്കയാത്രയ്ക്കിടയിൽ ഹൈദരാബാദിനു പോകാതെ അനിത കൊച്ചിയിലേക്ക് വന്നത്. സ്കൈപ്പിലൂടെതന്നെ നൃത്തം പഠിപ്പിക്കുന്ന നേരിട്ട് കണ്ടിട്ടില്ലാത്ത ഗുരു വൈക്കം സ്വദേശി ഹേമന്ദ് ലക്ഷ്മണനെ കാണണമെന്ന തീവ്രമായ ആഗ്രഹത്താൽ അനിത വൈക്കത്തേക്കു ബൈക്കിലെത്തുകയായിരുന്നു. ഭർത്താവ് പീറ്ററും മക്കളായ നേഹയും നേതലും അനിതയുടെ നൃത്തത്തിനും യാത്രകൾക്കും പൂർണ പിന്തുണയാണ് നൽകുന്നത്.