നാദാപുരം: ഇരുചക്രവാഹനങ്ങളിൽ ചീറിപ്പായുന്ന കുട്ടി ഡ്രൈവർമാരുടെ എണ്ണം വർധിച്ചതോടെ നടപടി കർശനമാക്കി വളയം പോലീസ് രംഗത്ത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ നാൽപ്പതോളം കേസ്സുകളാണ് വളയം പോലീസ് രജിസ്റ്റർ ചെയ്തത്.നേരത്തെ ലൈസൻസ് ഇല്ലാത്തവർ പിടിക്കപ്പെട്ടാൽ പിഴ ചുമത്തി വിട്ടയക്കുകയായിരുന്നു പതിവ്.
ഇതോടെ ചെറിയ തുക പിഴയടച്ച് പുറത്തിറങ്ങുന്ന കുട്ടികൾ വീണ്ടും വാഹനവുമായി രംഗത്തിറങ്ങാൻ തുടങ്ങി. ഇതോടെ ആർസി ഓണറുടെ പേരിലോ രക്ഷിതാക്കളുടെ പേരിലോ കേസെടുക്കുകയാണ് വളയം പോലീസ് ചെയ്യുന്നത്. എന്നാൽ നാൽപ്പതോളം രക്ഷിതാക്കൾ ഇത്തരത്തിൽ കേസ്സിൽ കുടുങ്ങിയിട്ടും കുട്ടി ഡ്രൈവർമാരുടെ എണ്ണം കുറയാത്തത് പോലീസിനെ വലയ്ക്കുന്നുണ്ട്.
രക്ഷിതാക്കളുടെ അശ്രദ്ധയും ഗൗരവമില്ലായ്മയുമാണ് ഇതിന് കാരണമെന്ന് പോലീസ് പറയുന്നു.പ്രശ്നത്തിന് പരിഹാരം കാണാൻ നവംബർ മാസം മുതൽ കൂടുതൽ വകുപ്പുകൾ ചേർത്ത് രക്ഷിതാവിനെതിരെയും ആർസി ഓണർക്കെതിരെയും കേസെടുക്കാനാണ് പോലീസിന്റെ തീരുമാനം. മാത്രമല്ല കേസ് കോടതിയിലേക്ക് അയക്കുന്നതിനാൽ മൂന്ന് മാസം വരെ തടവും ഇരുപത്തി അയ്യായിരം രൂപ വരെ പിഴയും കോടതിക്ക് വിധിക്കാം.
മലയോര മേഖലയായ വളയത്ത് പ്രായപൂർത്തിയെത്താത്ത വിദ്യാർഥികൾ ഇരുചക്ര വാഹനങ്ങളും, മറ്റ് വാഹനങ്ങളും ഓടിക്കുന്നത് പതിവ് കാഴ്ചയാണ്. ചില സമയങ്ങളിൽ രണ്ടും മൂന്നും പേരാണ് ബൈക്കുകളിൽ കറങ്ങുന്നത്. ഇടവഴികളിൽ നിന്ന് ഡ്രൈവിംഗ് പരിശീലിച്ച ശേഷം വിദ്യാർഥികളടക്കമുള്ളവർ ടൗണുകളിൽ വാഹനവുമായ് എത്തി അപകടത്തിൽ പെടുന്നതും പതിവാണ്.