നാദാപുരം: അമിത ശബ്ദത്തിൽ കറങ്ങുന്ന ബൈക്കുകൾക്കെതിരെ കർശന നടപടിയുമായി കണ്ട്രോൾ റൂം പോലീസ്. യഥാർഥ ബൈക്കുകൾക്ക് രൂപമാറ്റമുണ്ടാക്കി അമിത ശബ്ദം പുറപ്പെടുവിക്കുന്ന സൈലൻസർ ഘടിപ്പിച്ച് ചീറി പായുന്ന ബൈക്കുകൾക്കെതിരെയാണ് പോലീസ് നടപടി ആരംഭിച്ചത്.
റൂറൽ എസ്പിയുടെ നിർദ്ദേശ പ്രകാരം അസിസ്റ്റന്റ് കമ്മീഷണർ കെ.എസ്. ഉദയഭാനുവാണ് സ്പെഷൽ ഡ്രൈവിന് നേതൃത്വം നൽകിയത്. ടൗണുകളിൽ സ്കൂളുകളും കോളജുകളും വിടുന്ന സമയത്ത് അമിത ശബ്ദത്തിലും വേഗതയിലും ചീറിപ്പായുന്ന ബൈക്കുകളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിലാണ് നടപടി. പോലീസ് പരിശോധനയിൽ പിടികൂടുന്ന ബൈക്കുകൾ സ്റ്റേഷനിലെത്തിച്ച് യഥാർഥ സൈലൻസർ ഘടിപ്പിച്ച് പിഴ ചുമത്തുകയും ചെയ്ത ശേഷമാണ് ബൈക്കുകൾ വിട്ടുകൊടുക്കുന്നത്.