സ്വന്തം ലേഖകന്‍
കോഴിക്കോട്: വാഹന സര്‍വീസിംഗ് മേഖലയില്‍ വന്‍ കൊള്ള. കാര്‍, ബൈക്ക് വാഹനങ്ങളുടെ സര്‍വീസിംഗ് മേഖലയിലാണ് ഉപഭോക്താക്കളെ വന്‍ തോതില്‍ തട്ടിപ്പിനിരയാക്കുന്നത്. തട്ടിപ്പ് കണ്ടെത്താന്‍ കഴിയാതെ ഉപഭോക്താക്കള്‍ നിസഹായരാവുന്നതിനാൽ സര്‍വീസിംഗ് മേഖലയിലെ തട്ടിപ്പുകാര്‍ അനുദിനം തഴച്ചു വളരുകയാണ്. അതേസമയം, യഥാവിധി സര്‍വീസിംഗ് നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് ചില കള്ളനാണയങ്ങള്‍ ചീത്തപ്പേരുണ്ടാക്കുന്നതായി ഈ മേഖലയിലുള്ളവർതന്നെ പറയുന്നു.
വാഹനങ്ങളുടെ ഓയില്‍ മാറ്റവുമായി ബന്ധപ്പെട്ടാണ് വന്‍തോതില്‍ തട്ടിപ്പുകള്‍ നടത്തുന്നതെന്നാണ് ഉപഭോക്താക്കളില്‍ നിന്നുയരുന്ന ആരോപണം. ബൈക്കിന്റെയും കാറിന്റെയും ഓയില്‍ മാറ്റുന്നതിനായി സര്‍വീസിംഗ് സെന്ററില്‍ ഏല്‍പ്പിച്ച് ഉപഭോക്താക്കള്‍ പോവുകയാണ് പതിവ്.
മണിക്കൂറുകള്‍ക്കു ശേഷം ഓയില്‍ മാറ്റികഴിഞ്ഞാലാണ് സര്‍വീസിംഗ് സെന്ററില്‍ നിന്നും വിളിച്ചറിയിക്കുക. ഇപ്രകാരം എത്തുന്ന ഉപഭോക്താവ് ബില്ല് അടച്ച് വാഹനവുമായി പോവും. ഓയില്‍ പൂര്‍ണമായും മാറ്റിയിട്ടുണ്ടോയെന്നതുള്പ്പെടെയുള്ള കാര്യം ഒരു ഉപഭോക്താവും പരിശോധിക്കാറില്ല.
വിവിധ തരം കമ്പനികളുടെ ഓയിലുകള്‍ വിപണിയില്‍ സുലഭമാണ്. വിലകൂടിയതും കുറഞ്ഞതുമായ കമ്പനികളുടെ ഓയിലുകള്‍ വാഹനത്തിന് ഉപയോഗിക്കാറുണ്ട്. വിലകുറഞ്ഞ ഓയില്‍ വാഹനങ്ങളില്‍ ഒഴിച്ച് വില കൂടിയ ഓയിലിന്റെ വില ഈടാക്കുന്നതിനും പലപ്പോഴും സര്‍വീസിംഗ് സെന്ററുകള്‍ക്ക് അവസരം ലഭിക്കുന്നതായി പറയുന്നു.
സ്ഥിരം പാർട്സുകൾ വാങ്ങുന്ന കടകളിൽനിന്ന് പറയുന്ന തുകയ്ക്കുള്ള ബില്ലും ലഭിക്കുമെന്നതിനാൽ തട്ടിപ്പ് നിർബാധം തുടരുന്നു. അതേസമയം ഇത്തരത്തില്‍ സര്‍വീസിംഗ് കമ്പനികള്‍ ഓയില്‍ മാറ്റുന്നതില്‍ തട്ടിപ്പ് നടത്തുന്നുണ്ടെന്നതിന് യാതൊരു തെളിവും ഉപഭോക്താവിന് ഹാജരാക്കാനാവില്ല.
അതിനാല്‍ തന്നെ സര്‍വീസിംഗ് സെന്ററുകള്‍ക്കെതിരേ ഉപഭോക്തൃ കോടതിയില്‍ പോലും പരാതി നല്കാന് കഴിയാത്ത അവസ്ഥയാണുള്ളത്. ഇക്കാര്യത്തില്‍ പോലീസിനും നടപടിയെടുക്കാന്‍ സാധിക്കില്ല. സര്‍വീസിംഗ് മേഖലയില്‍ സുതാര്യത ഉറപ്പുവരുത്തണമെന്നാണ് പലരുടേയും അഭിപ്രായം. ഇതിനായി വാഹനത്തിന്റെ ഓയില്‍ മാറ്റുന്നത് ഉപഭോക്താവിന് നേരില്‍ കാണാനുള്ള സൗകര്യം സര്‍വീസിംഗ് കമ്പനിക്കാര് ഒരുക്കണമെന്നാണ് ആവശ്യം.
ഓയില്‍ മാറ്റത്തിനു പുറമേ സ്പെയര്‍പാട്സ് മേഖലയിലും തട്ടിപ്പു നടക്കുന്നുണ്ട്. പഴയ മോഡല്‍ കാറിന്റെ സ്പെയര്‍പാർട്സിന് ക്ഷാമമുണ്ടെന്ന് വരുത്തി തീര്‍ത്താണ് തട്ടിപ്പ് നടക്കുന്നത്. കാറിന്റെ ഔദ്യോഗിക കമ്പനി ഇടാക്കുന്ന വിലയേക്കാള്‍ കൂടുതല്‍ തുകയാണ് ഡ്യൂപ്ലിക്കേറ്റ് പാർട്സിന് പോലും സ്പെയര്‍ പാർട്സ് മേഖലയില്‍ ഈടാക്കുന്നത്. ഇത്തരത്തില്‍ വാങ്ങുന്ന സാധനങ്ങള്‍ക്ക് ബില്ല് നല്‍കാനും കടയുടമകള്‍ തയാറാവുന്നില്ല.
ബില്ല് നല്കുമ്പോള് ജിഎസ്ടി നിരക്ക് കൂടി കൂടുമെന്ന് പറഞ്ഞാണ് ഇവര്‍ തട്ടിപ്പു നടത്തുന്നത്. പാട്സുകൾ യന്ത്രഭാഗങ്ങളുടെ ഉള്ളിലായതിനാൽ അവ മാറ്റിയോ എന്നുപോലും കണ്ടെത്താനാവില്ലെന്ന് വാഹനഉടമകൾ പറയുന്നു.